തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെതിരെ ഉമ്മ ഷെമീനയുടെ മൊഴി. മകൻ അഫാന്റെ ആക്രമണത്തിലാണ് തനിക്കേ പരിക്കേറ്റതെന്നു ഷെമീന മൊഴി നൽകി . സംഭവത്തിന് ശേഷം ഇതാദ്യമായാണ് ഷെമീന മകനെതിരെ മൊഴി നൽകുന്നത്. കട്ടിലിൽ നിന്നും വീണാണ് തനിക്ക് പരിക്കേറ്റതെന്നായിരുന്നു ഇവർ ഇതുവരെ പറഞ്ഞിരുന്നത്. ഇവർ ഭർത്താവിനോടും ഇങ്ങനെയായിരുന്നു പറഞ്ഞിരുന്നത്.
കിളിമാനൂർ എസ്എച്ച്ഒക്ക് നൽകിയ മൊഴിയിലാണ് ഷെമീന മകൻ അഫാൻ തന്നെ ആക്രമിച്ചെന്ന വിവരം വെളിപ്പെടുത്തിയത്. തനിക്ക് 35 ലക്ഷത്തിന്റെ കടമുണ്ടെന്നാണ് ഷെമീനയുടെ മൊഴി. ഇക്കാര്യം ഭർത്താവിന് അറിയില്ലെന്നും ഷെമീന പറയുന്നു. മുൻപ് കടം വാങ്ങിയ 50,000രൂപ സംഭവദിവസം തിരികെ നൽകണമായിരുന്നു. ഇതിനായി പണം ചോദിച്ച് തട്ടത്തുമലയിലെ ബന്ധുവീട്ടിൽ പോയപ്പോൾ അധിക്ഷേപം നേരിട്ടു. ഈ അധിക്ഷേപം സഹിക്കാനാകാതെയാണ് അഫാൻ ക്രൂരത കാട്ടിയതെന്നും ഷെമീന പറയുന്നു.
തട്ടത്തുമലയിലെ ബന്ധുവീട്ടിൽ നിന്നും തിരികെ വീട്ടിലെത്തിയ ശേഷം അഫാൻ ആദ്യം തന്റെ കഴുത്ത് ഞെരിച്ച് ചുമരിൽ തലയടിച്ചു എന്ന് ഷെമീന പൊലീസിനോട് പറഞ്ഞു. ഇതോടെ തന്റെ ബോധം നഷ്ടമായി. പിന്നെ ബോധം വന്നപ്പോൾ അഫാൻ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചു.
മക്കളുമൊത്ത് ആത്മഹത്യചെയ്യാൻ നേരത്തേ തീരുമാനിച്ചിരുന്നതായും ഇവർ പൊലീസിനോട് വെളിപ്പെടുത്തി. ഇതിനായി യുട്യൂബിൽ ഇളയമകനെ കൊണ്ട് പലതും ഗൂഗിളിൽ സെർച്ച് ചെയ്യിപ്പിച്ചിരുന്നുവെന്നും ഷെമീനയുടെ മൊഴിയിലുണ്ട്.