ന്യൂഡൽഹി: ഒമ്പത് മാസത്തിന് ശേഷം സുനിത വില്യംസ് സുരക്ഷിതയായി തിരിച്ചെത്തിയതിൽ അത്യന്തം സന്തോഷമുണ്ടെന്ന് കുടുംബം. സുനിത ഇന്ത്യയിലേക്ക് വരുമെന്നും കുടുംബത്തോടൊപ്പം ആഘോഷത്തിൽ പങ്കുചേരുമെന്നും സുനിതയുടെ സഹോദരന്റെ ഭാര്യ ഫാൽഗുനി പാണ്ഡ്യ പ്രതികരിച്ചു.
“ഇന്ത്യക്കാരുടെ സ്നേഹം ഞങ്ങൾക്ക് മനസിലാക്കാൻ സാധിക്കും. കൃത്യമായ ദിവസം പറയാനാകില്ല. എന്നാലും ഉറപ്പായും സുനിത ഇന്ത്യയിലേക്ക് വരും. ഈ വർഷം തന്നെ ഇന്ത്യ സന്ദർശിക്കുമെന്നാണ് വിശ്വാസം. ഞങ്ങൾ ഒരുമിച്ച് അവധിക്കാലം ആഘോഷിക്കാൻ പദ്ധതിയിടുകയാണ്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ സുനിതയുണ്ടാവും. നമുക്ക് എല്ലാവർക്കും മാതൃകയാണ് അവർ”.
“സുനിതയുടെ പിറന്നാൾ ദിനത്തിൽ അവരുടെ ഇഷ്ടപലഹാരം ബഹിരാകാശനിലയത്തിലേക്ക് അയച്ചിരുന്നു. ഞങ്ങൾ മഹാകുംഭമേളയിൽ പങ്കെടുക്കുന്നുണ്ടെന്ന് സുനിതയോട് പറഞ്ഞപ്പോൾ ചിത്രങ്ങൾ ആവശ്യപ്പെട്ടിരുന്നു. എല്ലാം നന്നായി അവസാനിക്കാൻ സാധിച്ചതിൽ ദൈവത്തോട് നന്ദിയുണ്ടെന്നും” ഫാൽഗുനി പറഞ്ഞു.
സുനിത വില്യംസിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി കത്തെഴുതിയിരുന്നു. പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനവേളയിൽ സുനിത വില്യംസിനെയും സംഘത്തെയും കുറിച്ച് അദ്ദേഹം അന്വേഷിച്ചിരുന്നു. ഡൽഹിയിൽ നാസയിലെ മുൻ ബഹിരാകാശയാത്രികനുമായി നടന്ന കൂടിക്കാഴ്ചയിലും മോദി സുനിത വില്യംസിനെ കുറിച്ച് പരാമർശിച്ചിരുന്നു.















