മലയാള സിനിമയിൽ ആദ്യമായി ഐമാക്സ് റിലീസ് ചെയ്യുന്ന ചിത്രമായി എമ്പുരാൻ. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവച്ചുകൊണ്ട് മോഹൻലാലാണ് ഇക്കാര്യം പങ്കുവച്ചത്. ലോകമെമ്പാടുമുള്ള തെരഞ്ഞെടുക്കുന്ന സ്ക്രീനുകളിൽ ഐമാക്സ് ഫോർമാറ്റിൽ ചിത്രം കാണാനാകും.
‘എമ്പുരാൻ, മലയാള സിനിമാ മേഖലയിൽ ആദ്യമായി ഐമാക്സ് ഫോർമാറ്റിൽ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിക്കുന്നതിൽ വളരെയധികം സന്തോഷമുണ്ട്. മലയാള സിനിമാ വ്യവസായത്തിൽ ഇതൊരു പുതിയ തുടക്കമാകുമെന്ന് പ്രതീക്ഷിക്കുന്നു. മാർച്ച് 27 മുതൽ തെരഞ്ഞെടുക്കപ്പെട്ട സ്ക്രീനുകളിൽ ഐമാക്സ് ഫോർമാറ്റിൽ ചിത്രം കാണാമെന്നും’ മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
27-ന് രാവിലെ ആറ് മണിക്കാണ് ചിത്രത്തിന്റെ ആദ്യ ഷോ ആരംഭിക്കുന്നത്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ലൂസിഫറിൽ പറയാൻ ബാക്കിവച്ച അബ്രാം ഖുറേഷി എന്ന കഥാപാത്രത്തെ കുറിച്ചായിരിക്കും എമ്പുരാൻ പരിജയപ്പെടുത്താൻ പോകുന്നത്.
അമേരിക്ക, യുഎഇ, യുകെ തുടങ്ങിയ വിവിധ രാജ്യങ്ങളിലായാണ് എമ്പുരാൻ ചിത്രീകരിച്ചത്. ഇന്ത്യയിൽ ഗുജറാത്ത്, അമേരിക്ക, ഹൈദരാബാദ്, ഷിംല, ലഡാക്ക് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.
മുരളി ഗോപി തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ മലയാളി താരങ്ങൾക്കൊപ്പം ബോളിവുഡ്, ഹോളിവുഡ് സിനിമകളിലെ താരങ്ങളും അണിനിരക്കുന്നുണ്ട്.















