ന്യൂഡൽഹി: 286 ദിവസം താമസിച്ച് അന്താരാഷ്‌ട്ര ബഹിരാകാശനിലയത്തോട് യാത്ര പറഞ്ഞ് ഭൂമിയിലേക്ക് തിരിച്ചെത്തിയ സുനിത വില്യംസ്, ബുച്ച് വിൽമോർ ഉൾപ്പെട്ട സംഘത്തെ അഭിനന്ദിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. ധൈര്യത്തിന്റെ കഥ എന്നാണ് ഒമ്പത് മാസം നീണ്ട നാസയുട ദൗത്യത്തെ രാഷ്‌ട്രപതി വിശേഷിപ്പിച്ചത്. ഇന്ത്യയുടെ മകളെന്ന് സുനിത വില്യംസിനെയും പരാമർശിച്ചു.
“നാസയുടെ ക്രൂ 9 സംഘം സുരക്ഷിതമായി തിരിച്ചെത്തിയതിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ അറിയിക്കുന്നു. നിങ്ങളുടെ പരിശ്രമവും ആത്മസമർപ്പണവും എല്ലാവർക്കും പ്രചോദനമാണ്. ധൈര്യത്തിന്റെയും ഒത്തൊരുമയുടെയും ദൃഢനിശ്ചയത്തിന്റെയും ചരിത്രപ്രധാനമായ കഥയാണിത്. നിങ്ങളെല്ലാവരും ആരോഗ്യത്തോടെയിരിക്കാൻ ആശംസിക്കുന്നു”- രാഷ്‌ട്രപതി എക്സിൽ കുറിച്ചു.
നാസയുടെ ദൗത്യം വിജയകരമായി പൂർത്തിയാകുമ്പോൾ ഇന്ത്യയുടെ അഭിമാനവും വാനോളമാണ്. ഗുജറാത്തിലെ മെഹ്‌സാന ജില്ലയിൽ ജൂലാസൻ എന്ന ഗ്രാമമാണ് സുനിത വില്യംസിന്റ നാട്. 1957-ലാണ് സുനിതയുടെ പിതാവ് ദീപക് പാണ്ഡ്യയും കുടുംബവും യുഎസിലേക്ക് താമസം മാറിയത്. മൂന്ന് തവണ സുനിത വില്യംസ് ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്. 2008-ൽ പത്മഭൂഷൺ നൽകി രാജ്യം സുനിതയെ ആദരിച്ചു.
എട്ട് ദിവസത്തെ ദൗത്യത്തിന് വേണ്ടി പോയവർക്ക് 278 ദിവസമാണ് അന്താരാഷ്‌ട്ര ബഹിരാകാശനിലയത്തിൽ കഴിയേണ്ടിവന്നത്. കഴിഞ്ഞ ദിവസം രാവിലെ ഇന്ത്യൻ സമയം 11 മണിയോടെയാണ് ഇവരെ വഹിച്ചുള്ള സ്പേസ് എക്സ് ഡ്രാഗൺ ക്രൂ 9 മൊഡ്യൂൾ നിലയത്തിൽ നിന്ന് വേർപ്പെട്ട് ഭൂമിയിലേക്ക് പുറപ്പെട്ടത്. 17 മണിക്കൂർ നീണ്ട യാത്രക്കൊടുവിൽ ഇന്ന് പുലർച്ചെ മെക്സിക്കോ ഉൾക്കടലിൽ പേടകം പതിക്കുകയായിരുന്നു.















