തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജുമായി ആശമാർ നടത്തിയ ചർച്ച പരാജയം. ആശാവർക്കേഴ്സ് മുന്നോട്ടുവച്ച ആവശ്യങ്ങൾ അംഗീകരിക്കാതിരുന്ന ആരോഗ്യമന്ത്രി, സമരക്കാരോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെടുകയാണ് ചെയ്തതെന്ന് ചർച്ചയിൽ പങ്കെടുത്ത ആശാ പ്രതിനിധികൾ അറിയിച്ചു. പേരിനൊരു ചർച്ച മാത്രമാണ് മന്ത്രി നടത്തിയതെന്നും ഉപദേശിച്ചുവിടുകയായിരുന്നുവെന്നും ആശമാർ പറഞ്ഞു.
ആവശ്യങ്ങൾ ഒന്നും പരിഗണിച്ചില്ല, സമരം നിർത്തി പോകാൻ പറയാനാണ് ചർച്ചയ്‌ക്ക് വിളിച്ചത്. ഓണറേറിയം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഒരു ചർച്ചയുമുണ്ടായില്ല. സർക്കാരിന്റെ സാമ്പത്തിക പ്രാരാബ്ധം മന്ത്രി ആവർത്തിച്ചു കൊണ്ടിരുന്നു. പേരിനൊരു ചർച്ച നടത്തിയെന്നു വരുത്താനാണ് സർക്കാർ ശ്രമിച്ചത്. ഇന്ന് NhM-മായി നടത്തിയ ചർച്ചയിൽ നിന്നും 1% പോലും മുന്നോട്ടു പോകാത്ത ചർച്ചയാണ് ആരോഗ്യമന്ത്രിയുമായി കഴിഞ്ഞതെന്നും ആശമാർ വ്യക്താക്കി.
ഓണറേറിയം വർദ്ധിപ്പിക്കാൻ കഴിയില്ല, ഇക്കാര്യവുമായി ബന്ധപ്പെട്ട് കേന്ദ്രവുമായി ചർച്ച നടത്താം. ഈയാഴ്ച തന്നെ കേന്ദ്രമന്ത്രി ജെപി നദ്ദയെ പോയി കാണാം. ആശമാരെ ബുദ്ധിമുട്ടിപ്പിക്കാതെ സെക്രട്ടറിയേറ്റ് പടിക്കൽ നിന്ന് പിരിഞ്ഞുപോകാൻ തയ്യാറാകണം. ആശമാർ യഥാർത്ഥ്യബോധത്തോടെ കാര്യങ്ങൾ കാണണമെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചുവെന്ന് ആശമാർ പ്രതികരിച്ചു. 39 ദിവസമായി തുടരുന്ന സമരത്തിനൊടുവിൽ ഏറെ പ്രതീക്ഷയോടെയാണ് ഈ ചർച്ചയെ കണ്ടത്. ഇത് പരാജയമായ സാഹചര്യത്തിൽ സമരവുമായി മുന്നോട്ടു പോകുമെന്ന് ആശമാർ വ്യക്തമാക്കി.















