ന്യൂഡൽഹി: ആംആദ്മി പാർട്ടി നേതാക്കളുടെ പേരിലുള്ള അഴിമതി ആരോപണങ്ങൾ കുന്നുകൂടുന്നു. ഡൽഹിയിലെ മുൻ ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനാണ് വീണ്ടും അഴിമതിക്കേസിൽ കുടുങ്ങിയിരിക്കുന്നത്. ഇത്തവണ നഗരത്തിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാനുള്ള 571 കോടി രൂപയുടെ പദ്ധതിയുമായി ബന്ധപ്പെട്ട് 7 കോടി കൈക്കൂലി വാങ്ങിയെന്നാണ് ആം ആദ്മി നേതാവിനെതിരായ ആരോപണം. 2023 മെയ് മുതൽ കേസ് നിലവിലുണ്ട്.
ഡൽഹി സർക്കാരിന്റെ ആന്റി കറപ്ഷൻ ബ്യൂറോയാണ് (ACP) അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17 പ്രകാരം കേസ് ഫയൽ ചെയ്തിരിക്കുന്നതെന്ന് ബുധനാഴ്ച ഉച്ചയ്‌ക്ക് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ക്യാമറകൾ സ്ഥാപിക്കുന്നതിൽ കാലതാമസം വരുത്തിയതിന് 16 കോടി രൂപ പിഴ എഴുതിത്തള്ളാൻ ജെയിൻ 7 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. ഡൽഹിയിലെ 70 നിയമസഭാ മണ്ഡലങ്ങളിലായി ഒരു ലക്ഷത്തിലധികം സിസിടിവികൾ സ്ഥാപിക്കുന്നതിനായിരുന്നു പദ്ധതി.
ആരോപണങ്ങളോട് ആംആദ്മി പാർട്ടിയോ സത്യേന്ദർ ജെയിനോ ഇതുവരെ പ്രതികരിച്ചിട്ടില്ല. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ രണ്ട് വർഷം മുമ്പ് അറസ്റ്റിലായതിനെത്തുടർന്ന് കഴിഞ്ഞ വർഷം ഒക്ടോബറിൽ ജാമ്യം ലഭിച്ച സത്യേന്ദർ ജെയിനിനെതിരായ മൂന്നാമത്തെ കേസാണിത്. കഴിഞ്ഞ മാസം പ്രസിഡന്റ് ദ്രൗപതി മുർമു അനധികൃത സ്വത്ത് സമ്പാദന കേസിൽ അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയിരുന്നു.















