കൊച്ചി: നിരോധിത സംഘടന പോപ്പുലർ ഫ്രണ്ട് നടത്തിയ മിന്നൽ ഹർത്താലിൽ കെഎസ്ആർടിസിക്കുണ്ടായ നാശനഷ്ടത്തിന് പകരമായി 2 കോടി 42 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് റിപ്പോർട്ട്. പോപ്പുലർ ഫ്രണ്ട് ഭീകരവാദികളിൽ നിന്നും അനുയായികളിൽ നിന്നും തുക ഈടാക്കണമെന്നും ക്ലെയിംസ് കമ്മീഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
2022 സെപ്റ്റംബർ 23ന് പോപ്പുലർ ഫ്രണ്ട് നടത്തിയ മിന്നൽ ഹർത്താലിൽ കെ.എസ്.ആർ ടി.സി.യ്‌ക്ക് ആകെയുണ്ടായ നഷ്ടം നികത്താനാണ് 2.42 കോടി രൂപ പോപ്പുലർ ഫ്രണ്ട് നേതാക്കളിൽ നിന്നുതന്നെ ഈടാക്കണമെന്ന് ക്ലെയിംസ് കമ്മീഷണർ റിപ്പോർട്ട് നൽകിയത്. മിന്നൽ ഹർത്താൽ ആക്രമണത്തിൽ 59 കെ.എസ്.ആർ.ടി.സി ബസുകൾക്ക് നാശനഷ്ടമുണ്ടായി. 2.13 കോടിയാണ് ഹർത്താൽ ദിനത്തിൽ കെ.എസ്.ആർ ടി.സിക്കുണ്ടായ വരുമാന നഷ്ടം. മറ്റ് ക്ലെയിമുകൾ പത്ത് ലക്ഷത്തോളം വരും. ഹർത്താൽ ദിനം സർവീസ് മുടങ്ങിയതു മൂലമുണ്ടായ നഷ്ടം പരിഹരിക്കാനായി ആകെ 2.42 കോടി രൂപ പോപ്പുലർ ഫ്രണ്ട് ഭീകരവാദികളിൽ നിന്നും ഈടാക്കും. നഷ്ടപരിഹാരത്തുക സംബന്ധിച്ച വിശദമായ പട്ടിക ക്ലെയിംസ് കമ്മീഷണർ ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
ഹൈക്കോടതി ഉത്തരവ് പ്രകാരമായിരുന്നു ക്ലെയിംസ് കമ്മീഷണറെ നിയോഗിച്ച് നഷ്ടം തിട്ടപ്പെടുത്തിയത്. നേരത്തെ കോടതി ഉത്തരവ് ലഭിച്ചിട്ടും പോപ്പുലർ ഫ്രണ്ട് ഭീകരരുടെ സ്വത്തുവകകൾ കണ്ടുകെട്ടുന്നതിൽ സർക്കാർ മെല്ലെപ്പോക്ക് നയം സ്വീകരിച്ചത് ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിനും ഇടയാക്കിയിരുന്നു.















