ചെന്നൈ: പ്രശസ്ത പാമ്പുപിടുത്തക്കാരൻ പാമ്പു കടിയേറ്റ് മരിച്ചു; കൊയമ്പത്തൂർ സ്വദേശി സന്തോഷ് കുമാർ(39) ആണ് മരിച്ചത്. തമിഴ്നാട് സർക്കാരിന്റെ ഔദ്യോഗിക പാമ്പു പിടുത്തകാരന്റെ പട്ടികയിൽ സന്തോഷ് കുമാർ ഉൾപ്പെട്ടിരുന്നു.
മാർച്ച് 17 ന് വീട്ടിൽ കയറിയ മൂർഖനെ പിടിക്കുന്നതിനിടെയാണ് സന്തോഷ് കുമാറിന്റെ കയ്യിൽ കടിയേറ്റത്. അബോധാവസ്ഥയിലായിരുന്ന സന്തോഷ് കുമാർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്.
24 വർഷമായി ഈ മേഖലയിൽ സജീവമായിരുന്നു സന്തോഷ് കുമാർ. 15ാം വയസിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഗ്രൗണ്ടിലെത്തിയ പാമ്പിനെയാണ് ആദ്യമായി പിടികൂടിയത്. പിന്നീട് പാമ്പു പിടുത്തം ശാസ്ത്രീയമായി പഠിച്ച ശേഷമാണ് ഈ മേഖലയിൽ സജീവമായത്. കഴിഞ്ഞ 15 വർഷത്തിനിടെ രാജവെമ്പാല, പെരുമ്പാമ്പ്, മൂർഖൻ ഉൾപ്പെടെ ആയിരക്കണക്കിന് വിഷപ്പാമ്പുകളെ പിടികൂടി കാട്ടിലേക്ക് തുറന്നുവിട്ടിട്ടുണ്ട്..
സന്തോഷ് കുമാറിന്റെ മൃതദേഹം കൊയമ്പത്തൂർ മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ച സന്തോഷ് കുമാർ ഭാര്യയും രണ്ട് പെൺമക്കളുമുണ്ട്.















