മഥുര: സ്വന്തം ശരീരത്തിൽ സ്വയം ശസ്ത്രക്രിയ നടത്തിയ യുവാവ് ഗുരുതരാവസ്ഥയിൽ. യൂട്യൂബ് നോക്കിയായിരുന്നു യുവാവ് സർജറി ചെയ്തത്. വയറുവേദനയെ തുടർന്നായിരുന്നു 32-കാരന്റെ സ്വയം ചികിത്സ. യുപി മഥുര സ്വദേശിയായ രാജ ബാബുവാണ് സ്വയം ശസ്ത്രക്രിയ ചെയ്ത് ആശുപത്രിയിലായത്.
വയറുവേദനയെ തുടർന്ന് നിരവധി ഡോക്ടർമാരെ യുവാവ് സമീപിച്ചിരുന്നു. ആശ്വാസം ലഭിക്കാതെയായപ്പോൾ ഒടുവിൽ സ്വയം ചികിത്സിക്കാൻ തീരുമാനിക്കുകയായിരുന്നു 32കാരൻ. ഇതിന് മുന്നോടിയായി യൂട്യൂബ് നോക്കി ശസ്ത്രക്രിയ ചെയ്യേണ്ടത് എങ്ങനെയെന്ന് മനസിലാക്കി. മെഡിക്കൽ സ്റ്റോറിൽ നിന്ന് ആവശ്യത്തിന് മരുന്നുകളും മറ്റും വാങ്ങിയ ശേഷം യൂട്യൂബിൽ കണ്ടതുപോലെ സ്വയം പരീക്ഷണമാരംഭിച്ചു.
സർജിക്കൽ ബ്ലേഡ്, തുന്നൽ വസ്തുക്കൾ, അനസ്തേഷ്യ ഇഞ്ചക്ഷൻ എന്നിവയെല്ലാം സംഘടിപ്പിച്ചു. ശേഷം ഒരുദിവസം രാവിലെ തന്നെ ശസ്ത്രക്രിയ ആരംഭിച്ചു. എന്നാൽ അനസ്തേഷ്യയുടെ ഇഫക്ട് കുറഞ്ഞതോടെ യുവാവിന് വേദന സഹിക്കാൻ കഴിയില്ല. കീറിമുറിച്ച ശരീരവുമായി നിലവിളിച്ച് കരയാൻ തുടങ്ങിയ രാജ ബാബുവിനെ വീട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. നിലവിൽ ആഗ്രയിലെ എസ്എൻ ആശുപത്രിയിൽ ചികിത്സയിലാണ് യുവാവ്.















