ലക്നൗ: വിശ്വാസത്തെ അപമാനിച്ച, സ്ത്രീകളെ ബലാത്സംഗം ചെയ്ത, പാവപ്പെട്ട ജനതയെ ആക്രമിച്ച വ്യക്തികളെ മഹത്വവത്കരിക്കുന്നത് രാജ്യദ്രോഹക്കുറ്റമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഹാരാഷ്‌ട്രയിലെ ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യം ഉയരുന്നതിനിടെയാണ് യോഗി ആദിത്യനാഥിന്റെ പരാമർശം. എന്നാൽ ഔറംഗസേബിന്റെ പേര് പറയാതെയാണ് മുഖ്യമന്ത്രി പരോക്ഷമായി വിമർശിച്ചത്. ബഹ്റൈച്ചിൽ നടന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
“അധിനിവേശക്കാരെ മഹത്വവത്കരിക്കുക എന്നതിനർത്ഥം രാജ്യദ്രോഹത്തെ ശക്തിപ്പെടുത്തുക എന്നതാണ്. നമ്മുടെ പൂർവികരെ അപമാനിച്ചവരെയും നമ്മുടെ നാടിനെ ആക്രമിച്ചവരെയും സ്ത്രീകളെ പീഡിപ്പിച്ചവരെയും വിശ്വാസത്തെ അധിക്ഷേപിച്ചവരെയും പുകഴ്‌ത്തുന്ന ആളുകളോട് ഇന്ത്യ ഒരിക്കലും ക്ഷമിക്കില്ല. രാജ്യത്തിന് ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്ത കാര്യമാണത്. നമ്മുടെ വ്യക്തിത്വം ഇല്ലാതാക്കാൻ ശ്രമിച്ചവരെ പ്രശംസിക്കരുതെന്നും” യോഗി ആദിത്യനാഥ് പറഞ്ഞു.
ഛത്രപതി സംഭാജിനഗറിലെ ഔറംഗസേബിന്റെ ശവകുടീരം നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടക്കുകയാണ്. വിശ്വഹിന്ദു പരിഷത്തും ബജ്റംഗ്ദളും പ്രതിഷേധപ്രകടനങ്ങളുമായി രംഗത്തെത്തിയിരുന്നു. ശവകുടീരം നീക്കണമെന്ന് ആവശ്യപ്പെട്ട് സംഘടനകൾ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് നിവേദനം അയച്ചിട്ടുണ്ട്.















