18-ാം പതിപ്പിനൊരുങ്ങുന്ന ഐപിഎല്ലില്‍ നിയമങ്ങളില്‍ പരിഷ്‌കാരം കൊണ്ടുവന്ന് ബിസിസിഐ. 22ന് ആരംഭിക്കുന്ന ടൂര്‍ണമെന്റിന് മുന്നോടിയായി ക്യാപ്റ്റന്മാരുടെ മീറ്റിംഗിലാണ് അഭിപ്രായങ്ങള്‍ പരി?ഗണിച്ചതും നിയമങ്ങളില്‍ പരിഷ്‌കാരം കൊണ്ടുവന്നതും. മുംബൈയിലെ ബിസിസിഐ ആസ്ഥാനത്തായിരുന്നു മീറ്റിംഗും ചര്‍ച്ചകളും നടന്നത്. സുപ്രധാന മാറ്റങ്ങളാണ് ഏര്‍പ്പെടുത്തിയത്. പന്തില്‍ തുപ്പല്‍ പുരട്ടുന്നതിനുള്ള വിലക്ക് നീക്കിയതാണ് പ്രധാനം. പന്തിന്റെ തിളക്കം നിലനിര്‍ത്തി, സ്വിംഗും സീമും ലഭിക്കാന്‍ സഹായിക്കുന്നതിനാണ് പന്തില്‍ തുപ്പല്‍ പുരട്ടുന്നത്. കൊവിഡ് സമയത്താണ് ഇതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. സുരക്ഷയെ മുന്‍നിര്‍ത്തിയായിരുന്നു ഇത്.
രാത്രിയുള്ള മത്സരങ്ങളിലെ രണ്ടാം ഇന്നിംഗ്സിൽ 11 ഓവറിന് ശേഷം ന്യൂ ബോൾ ഉപയോഗിക്കുന്നതിന് അനുമതി നൽകി. പിച്ചിലെ നനവിന്റെ സാഹചര്യം പരിഗണിച്ച് അമ്പയർമാർക്ക് ഇതിൽ തീരുമാനമെടുക്കാം. മഞ്ഞുവീഴ്ച ബാധിച്ച മത്സരങ്ങളിൽ ടോസ് നേടുന്നതിലൂടെ ക്യാപ്റ്റന്മാർക്ക് ലഭിക്കുന്ന നേട്ടങ്ങൾ ലഘൂകരിച്ചുകൊണ്ട് മത്സരം സന്തുലിതമാക്കാനാണിത്.
ഇംപാക്ട് പ്ലെയർ നിയമം തുടരും. കുറഞ്ഞത് 2027 വരെ ഇത് തുടരനാണ് നിലവിലെ തീരുമാനം. ഉയരത്തിന്റെ പേരിലുള്ള വൈഡുകളും ഓഫ് സൈഡ് വൈഡ് തീരുമാനങ്ങളിലും ഡിആർഎസ് സൗകര്യം ഉപയോഗിക്കാം. ഹോക്ക്-ഐ സാങ്കേതികവിദ്യയും ബോൾ ട്രാക്കിംഗും അമ്പയർമാർക്ക് ഉപയോഗിക്കാം.