കണ്ണൂർ: മുഴുപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകൻ സൂരജിനെ വെട്ടിക്കൊന്ന കേസിൽ തലശേരി കോടതി ഇന്ന് വിധിപറയും. സിപിഎം നേതാക്കളും പ്രവർത്തകരുമുൾപ്പെടെ 12 പേർ പ്രതികളായ കേസിലാണ് വിധി വരുന്നത്. ഒന്നാം പ്രതി പി കെ ഷംസുദ്ദീനും പന്ത്രണ്ടാം പ്രതി ടിപി രവീന്ദ്രനും സംഭവശേഷം മരിച്ചിരുന്നു. അതിനാൽ നിലവിൽ പത്ത് പ്രതികളാണുള്ളത്. ടികെ രജീഷ്, എൻപി യാഗേഷ്, കെ ഷംജിത്ത്, നെയ്യോത്ത് സജീവൻ, പണിക്കന്റെവിട വീട്ടിൽ പ്രഭാകരൻ, പുതുശേരി വീട്ടിൽ കെവി പദ്മനാഭൻ, രാധാകൃഷ്ണൻ, നാഗത്താൻകോട്ട പ്രകാശൻ, പുതിയപുരയിൽ പ്രദീപൻ എന്നിവരാണ് പ്രതികൾ.
2005 ഓഗസ്റ്റ് ഏഴിന് രാവിലെയായിരുന്നു മുഴപ്പിലങ്ങാട് ടെലിഫോൺ എക്സ്ചേയ്ഞ്ചിന് മുന്നിലിട്ട് ബിജെപി പ്രവർത്തകനായിരുന്ന സൂരജിനെ വെട്ടിക്കൊന്നത്. ഓട്ടോയിലെത്തിയ പ്രതികൾ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊന്നുവെന്നാണ് കേസ്. കൊലപാതകം രാഷ്‌ട്രീയ വിരോധം തീർക്കാനായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. 32 കാരനായ സൂരജ് സിപിഎം വിട്ട് ബിജെപിയിൽ ചേർന്നതിന്റെ പ്രതികാരനടപടിയായിരുന്നു അരുംകൊല. കൊലപാതകത്തിന് ആറുമാസം മുൻപും സൂരജിനെ കൊല്ലാൻ ശ്രമിച്ചിരുന്നു. അന്ന് കാലിനായിരുന്നു വെട്ടേറ്റത്.
പ്രതിപ്പട്ടികയിൽ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജിന്റെ സഹോദരൻ മനുരാജ് നാരായണനും ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട രജീഷ് ഉൾപ്പെടെയുള്ളവരുണ്ട്. 19 വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് കേസിലെ വിധി വരുന്നത്. കൊലപാതകം, ഗൂഢാലോചന എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.















