ബെംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഇനി ഇരട്ടി ശമ്പളം. ഇത് സംബന്ധിച്ച കരട് ബില്ലുകൾ കഴിഞ്ഞ ദിവസം നിയമസഭയിൽ അവതരിച്ചു. സംസ്ഥാനത്ത് പല സാമൂഹ്യക്ഷേമ പദ്ധതികളും സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ അവതാളത്തിലാണ്. ഇതിനിടയിലാണ് ശമ്പളം കുത്തനെ വർദ്ധിപ്പിക്കുനുള്ള സിദ്ധരാമയ്യ സർക്കാരിന്റെ തീരുമാനം.
നിലവിൽ അലവൻസുകൾ ഉൾപ്പെടെ മൂന്ന് ലക്ഷത്തോളം രൂപയാണ് എംഎൽഎമാരുടെ മാസവരുമാനം. അടിസ്ഥാന ശമ്പളം 40,000 രൂപയിൽ നിന്ന് 80,000 രൂപയാക്കിയതോടെ മാസവരുമാനം ഇനി അഞ്ച് ലക്ഷമായി ഉയരും. പെൻഷനിലും ഇതേ നിരക്കിൽ വർദ്ധനയുണ്ട്.
പ്രതിമാസം പെൻഷൻ 55,000 രൂപയിൽ നിന്ന് 95,000 രൂപയായി ഉയർന്നു.
മന്ത്രിമാരുടെ ശമ്പളം 60,000ത്തിൽ നിന്ന് ഒന്നേകാൽ ലക്ഷം രൂപയാക്കി. സ്‌പീക്കർക്ക് അടിസ്ഥാന ശമ്പളം അരലക്ഷം രൂപ വർദ്ധിപ്പിച്ചു. ഇതോടെ ശമ്പളം ഒന്നേകാൽ ലക്ഷം രൂപയായി. മുഖ്യമന്ത്രിയുടെ ശമ്പളം 75,000 രൂപയിൽ നിന്ന് ഒന്നര ലക്ഷം രൂപയാക്കി വർദ്ധിപ്പിച്ചു. ആനുകൂല്യങ്ങൾ ഉൾപ്പെടെ പത്ത് ലക്ഷത്തോളം മാസവരുമാനം മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും ലഭിക്കും.
ശമ്പള വർദ്ധനവിനെ കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് ആഭ്യന്തര മന്ത്രി ജി പരമേശ്വരയുടെ പ്രതികരണം ഇതായിരുന്നു.. ” സാധാരണക്കാരെ പോലെ ഞങ്ങളും കഷ്‌ടപ്പെടുകയാണ്, മന്ത്രിമാരുടെ ജോലിഭാരവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്’ ജി പരമേശ്വര പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിക്കിടെ ശമ്പളം ഇരട്ടിയാക്കിയ നടപടിയെ ബിജെപി അംഗങ്ങൾ ചോദ്യം ചെയ്തു. ഒപ്പം കുനഗൽ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയും നടപടിയെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. ശമ്പളം 20 ശതമാനം കൂട്ടുന്നത് സമ്മതിക്കാം. എന്നാൽ ഇരട്ടിയാക്കിയത് അംഗീകരിക്കാൻ കഴിയില്ല, എച്ച്‌ഡി രംഗനാഥ് പറഞ്ഞു.















