കൊച്ചി: ചട്ടിയിലിട്ട് ചൂടാക്കിയ വെടിയുണ്ട പൊട്ടിത്തെറിച്ച സംഭവത്തിൽ അന്വേഷണമാരംഭിച്ചു. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. എത്രയും വേഗം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.
എറണാകുളം എആർ ക്യാമ്പിലെ ആയുധപ്പുരയുടെ ചുമതലയുള്ള റിസർവ് എസ്ഐ സിവി സജീവിനെതിരെയാണ് അന്വേഷണം. ഗാർഡ് ഓഫ് ഓണർ നൽകുന്നതിനായുള്ള വെടിയുണ്ടകളാണ് ചിട്ടയിലിട്ട് ചൂടാക്കിയത്. ക്ലാവുമാറ്റാൻ വേണ്ടിയായിരുന്നു ഇത്. എന്നാൽ വെടിമരുന്നിന് തീപിടിച്ചതോടെ പൊട്ടിത്തെറിച്ചു. അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷമായിരിക്കും സജീവനെതിരെ തുടർനടപടി.
മാർച്ച് 10-നായിരുന്നു സംഭവം. ബ്ലാങ്ക് അമ്യൂണിഷൻ വെടിയുണ്ടകളാണ് പൊട്ടിത്തെറിച്ചത്. ഔദ്യോഗിക ബഹുമതികളോടെ നടക്കുന്ന സംസ്കാര ചടങ്ങിനിടെ ആകാശത്തേക്ക് വെടിവെക്കുന്നതിന് ഉപയോഗിക്കുന്ന വെടിയുണ്ടകളാണ് ബ്ലാങ്ക് അമ്യൂണിഷൻ. കാഞ്ചി വലിക്കുമ്പോൾ ശബ്ദവും തീയും പുകയും മാത്രമുണ്ടാകുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.
ഇടപ്പള്ളി സ്റ്റേഷനിലെ പൊലീസുകാരന്റെ സംസ്കാര ചടങ്ങിന്റെ ആവശ്യത്തിനായി വെടിയുണ്ട എടുത്തപ്പോൾ ക്ലാവ് പിടിച്ച നിലയിൽ കാണുകയായിരുന്നു. ഇത്തരം സാഹചര്യങ്ങളിൽ ഉണ്ടകൾ വെയിലത്ത് വച്ച് ചൂടാക്കുന്നതാണ് പതിവ്. എന്നാൽ ഇതിനുള്ള സമയമില്ലാത്തതിനാൽ ചട്ടിയിലിട്ട് ചൂടാക്കുകയായിരുന്നു. പിന്നാലെയാണ് പൊട്ടിത്തെറിച്ചത്.















