അമരാവതി: തിരുമല തിരുപ്പതി ക്ഷേത്രത്തിൽ ജീവനക്കാരായി ഹൈന്ദവർ മാത്രം മതിയെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. നിലവിൽ ക്ഷേത്രത്തിൽ ജോലി ചെയ്തുവരുന്ന അഹിന്ദുക്കൾക്ക് മറ്റ് സ്ഥലങ്ങളിലേക്ക് ജോലി നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുമല തിരുപ്പതി ക്ഷേത്രട്രസ്റ്റിനൊപ്പം വാർത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും വെങ്കിടേശ്വര സ്വാമി ക്ഷേത്രങ്ങൾ നിർമിക്കാനുള്ള പദ്ധതികളും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. വിദേശരാജ്യങ്ങളിൽ വെങ്കിടേശ്വര ഭഗവാന്റെ ക്ഷേത്രങ്ങൾ ഉണ്ടാകണമെന്ന് ഭക്തർ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
തിരുമല ക്ഷേത്രത്തിന് സമീപത്തെ മുംതാസ് ഹോട്ടലിന്റെ പ്രവർത്തനനുമതി സർക്കാർ റദ്ദാക്കിയതായി ചന്ദ്രബാബു നായിഡു അറിയിച്ചു. സസ്യാഹാരം മാത്രം തയാറാക്കണമെന്ന കർശന നിബന്ധനയോട് കൂടിയാണ് മുംതാസ് ഹോട്ടലിന് അനുമതി നൽകിയിരുന്നത്. ഈ അനുമതിയാണ് സർക്കാർ റദ്ദാക്കിയത്. സ്വകാര്യവ്യക്തികൾക്ക് വ്യാപാരശാല നടത്താനുള്ള അനുമതി നൽകില്ലെന്നും സർക്കാർ വ്യക്തമാക്കി.
കൂടാതെ മുംതാസ് ഹോട്ടലിരിക്കുന്ന പ്രദേശം തിരുമല ക്ഷേത്രത്തിന്റെ ഭൂമിയാണെന്ന ആരോപണവും ഉയരുന്നുണ്ട്. നേരത്തെ വിവിധ പദ്ധതികൾക്കായി സർക്കാർ ഭൂമി ടൂറിസത്തിന് നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ സർക്കാർ ഈ ഭൂമി മാറ്റിനൽകി. ക്ഷേത്രത്തോട് ചേർന്നാണ് മുംതാസ് ഹോട്ടൽ സ്ഥിതിചെയ്യുന്നത്. ഇതിൽ ഹൈന്ദവർക്ക് വലിയ അനിഷ്ടമുണ്ടെന്നും തിരുമല തിരുപ്പതി ദേവസ്ഥാനം ചെയർമാൻ പറഞ്ഞു.















