ന്യൂഡൽഹി: ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിൽ നിന്നും കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ വിശദീകരണം തേടി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായ. സംഭവുമായി ബന്ധപ്പെട്ട റിപ്പോർട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്‌ക്ക് സമർപ്പിച്ചു. അന്വേഷണ സംഘത്തെ രൂപീകരിക്കുന്നതിനെ കുറിച്ച് ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കും.
സംഭവം പുറത്തുവന്നതിന് പിന്നാലെ തന്നെ ജസ്റ്റിസ് ഉപാധ്യായയുടെ നേതൃത്വത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു. ഇത് സംബന്ധിച്ച് തെളിവുകളും വിവരങ്ങളും ശേഖരിച്ചുവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചിട്ടുണ്ട്. ജസ്റ്റിസ് വർമക്കെതിരെ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിടണോ എന്നത് സംബന്ധിച്ചും ഇന്ന് തീരുമാനമുണ്ടാകും.
യശ്വന്ത് വർമയെ ഡൽഹി ഹൈക്കോടതിയിൽ നിന്ന് അലഹബാദ് ഹൈക്കോടതിയിലേക്ക് തിരിച്ചയക്കാൻ കൊളീജിയം ശുപാർശ ചെയ്തിരുന്നു. വീട്ടിൽ തീപിടിത്തുമുണ്ടായതിനെ തുടർന്ന് തീയണയ്‌ക്കാനെത്തിയ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരാണ് വൻതോതിൽ നോട്ടുകെട്ടുകൾ കണ്ടെത്തിയത്. കഴിഞ്ഞയാഴ്ചയിലെ ഹോളി ആഘോഷത്തിനിടെയായിരുന്നു സംഭവം.
ജസ്റ്റിസ് യശ്വന്ത് വർമ സ്ഥലത്ത് ഇല്ലാതിരുന്ന സമയത്താണ് വസതിയിൽ തീപിടിത്തമുണ്ടായത്. തുടർന്ന് കുടുംബാംഗങ്ങൾ അഗ്നിശമന സേനയെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. തീയണച്ച ശേഷം, ബംഗ്ലാവിന്റെ വിവിധ മുറികളിൽ നടത്തിയ പരിശോധനയിലാണ് വൻതോതിൽ പണം കണ്ടെത്തിയത്.