ടെൽഅവീവ്: ഹമാസ് സൈനിക ഇന്റലിജൻസ് തലവൻ ഒസാമ തഷാബിനെ വധിച്ചതായി ഇസ്രായേൽ സൈന്യം. കഴിഞ്ഞ ദിവസം ദക്ഷിണ ഗാസയിൽ നടന്ന വ്യോമാക്രമണത്തിലാണ് ഹമാസ് ഭീകരൻ കൊല്ലപ്പെട്ടത്. ഇസ്രായേൽ സൈന്യം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
തെക്കൻ ഗാസയിലെ ഹമാസിന്റെ സൈനിക വിഭാഗത്തിന്റെ ഇന്റലിജൻസ് ഏകോപിപ്പിക്കുകയും പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും ചെയ്യുന്നതിൽ ഒസാമ തഷാബ് നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. വർഷങ്ങളായി ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന വ്യക്തിയാണ് ഒസാമ.
ഹമാസിന്റെ സൈനിക ശക്തി വർദ്ധിപ്പിക്കുന്നതിന് വേണ്ടി ഇയാൾ പ്രവർത്തിച്ചിരുന്നു. ഒക്ടോബർ ഏഴിന് ഇസ്രായേലിന് നേരെ നടത്തിയ ആക്രമണങ്ങളിൽ ഉൾപ്പെടെ ഹമാസിന്റെ ഗൂഢാലോചനയിൽ ഒസാമയ്‌ക്കും പങ്കുണ്ടായിരുന്നു. ഗാസയിലെ ഇസ്രായേൽ സൈന്യത്തെ കുറിച്ചുള്ള രഹസ്യവിവരങ്ങൾ ഇയാൾ ശേഖരിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഗാസയിൽ നടന്ന ആക്രമണത്തിൽ കാൻസർ സ്പെഷ്യാലിറ്റി ആശുപത്രിയായ തുർക്കിഷ് പലസ്തീനിയൻ ഫ്രണ്ട്ഷിപ്പ് ആശുപത്രി തകർന്നിരുന്നു. 17 മാസക്കാലം ഇസ്രായേൽ സൈനികരുടെ നിയന്ത്രണത്തിലായിരുന്നു ഈ ആശുപത്രി. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. സംഭവസമയത്ത് ഹമാസ് ഭീകരർ മാത്രമാണ് ആശുപത്രിയിൽ ഉണ്ടായിരുന്നതെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കി.