വയനാട്: മന്ത്രി വീണാ ജോർജിനെ സ്വീകരിക്കാൻ ആശുപത്രിയിൽ പടക്കം പൊട്ടിക്കൽ. വൈത്തിരി താലൂക്ക് ആശുപത്രിയിൽ ഉദ്‌ഘാടനത്തിനെത്തിയപ്പോഴാണ് ചെണ്ടമേളവും പടക്കം പൊട്ടിക്കലും. അത്യാഹിത വിഭാഗത്തിന് അടുത്തായാണ് പടക്കം പൊട്ടിച്ചത്. പുതുതായി നിർമ്മിച്ച സ്ത്രീകളുടെയും കുട്ടികളുടെയും വാർഡ്, ലാബ് എന്നിവയുടെ ഉദ്‌ഘാടനത്തിയാണ് മന്ത്രി ആശുപത്രിയിലെത്തിയത്.
രോഗികളുള്ളതിനാൽ അതീവ മുൻകരുതൽ സ്വീകരിക്കുന്ന മേഖലയിലാണ് ഇത്തരത്തിൽ സംസ്ഥാനത്തെ ആരോഗ്യ മന്ത്രിയെ സ്വീകരിക്കാൻ ആശുപത്രിവളപ്പിൽ വെടിക്കെട്ട് നടത്തിയത്. ആശുപത്രിയുടെ അത്യാഹിത വിഭാഗത്തോട് ചേർന്ന് വെറും രണ്ട് മീറ്റർ അകലെയുള്ള പ്രദേശത്താണ് വെടിക്കെട്ട് നടത്തിയത്.
ആശുപത്രികളിൽ ഇത്രയും ശബ്ദകോലാഹലങ്ങൾ സൃഷ്ടിച്ചുകൊണ്ടുള്ള പരിപാടിക്ക് സാധാരണയായി അനുമതി നൽകാറില്ല. മാത്രമല്ല ആശുപത്രിയിലുള്ള നിരവധി രോഗികളെയും കൂട്ടിരിപ്പുകാരെയും വലച്ചുകൊണ്ട് മന്ത്രിക്ക് സ്വീകരണം ഒരുക്കിയതിനെതിരെ പലകോണിൽ നിന്നും വിമർശനം ഉയരുന്നുണ്ട്.















