2025 മാർച്ച് 27!!! മലയാളികൾ കാത്തിരിക്കുന്ന ദിവസം. ജോലിക്ക് പോകുന്നവരെല്ലാം അന്നേദിവസം ലീവ് സംഘടിപ്പിക്കാനുള്ള അവസാനവട്ട ശ്രമങ്ങളിലാണ്. ക്ലാസ് കട്ട് ചെയ്താലോയെന്ന ആലോചനയിലാണ് വിദ്യാർത്ഥികൾ പലരും. ഈ സാഹചര്യത്തിൽ കുട്ടികളോട് ലീവ് എടുത്ത് സിനിമയ്‌ക്ക് പൊക്കോളൂവെന്ന് പറയുകയാണ് ഒരു കോളേജ്. ബെംഗളൂരുവിലെ ഗുഡ് ഷെപ്പേർഡ് ഇൻസ്റ്റിറ്റ്യൂഷനാണ് മാർച്ച് 27ന് കോളേജിലെ വിദ്യാർത്ഥികൾക്ക് അവധി നൽകിയത്.
എമ്പുരാൻ റിലീസ് പ്രമാണിച്ച് മാർച്ച് 27ന് കോളേജ് അവധിയാണെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്ററും അവർ പുറത്തുവിട്ടിട്ടുണ്ട്. കോളേജിന്റെ സോഷ്യൽമീഡിയ ഹാൻഡിലുകളിൽ പങ്കുവെച്ച പോസ്റ്റർ ഇതിനോടകം വൈറലാണ്.
റിലീസ് ദിവസം എമ്പുരാൻ കാണാൻ ജീവനക്കാർക്ക് ലീവും ഫ്രീ ടിക്കറ്റും അനുവദിച്ച മാർക്കറ്റിംഗ് കമ്പനി കഴിഞ്ഞ ദിവസം വാർത്തകളിൽ ഇടംപിടിച്ചിരുന്നു. കൊച്ചിയിലെ എസ്തെറ്റ് എന്ന ഡിജിറ്റൽ മാർക്കറ്റിംഗ് കമ്പനിയുടേതായിരുന്നു വേറിട്ട നടപടി. ഇതിന് പിന്നാലെയാണ് ബെംഗളൂരുവിലെ കോളേജും അവധി നൽകി ‘മാതൃകയായത്’.
പൃഥ്വിരാജ് സുകുമാരന്റെ സംവിധാനമികവ്, മുരളീഗോപിയുടെ കെട്ടുറപ്പുള്ള കഥ, അബ്രാം ഖുറേഷിയായി മലയാളത്തിന്റെ മോഹൻലാൽ. എംപുരാൻ എത്താൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ അക്ഷമരാണ് ഓരോ മലയാളികളും. കാത്തിരുന്നു കാണാം, എമ്പുരാൻ എന്ന വിസ്മയം!!