ന്യൂഡൽഹി: പാർലമെന്റ് ആക്രമിച്ച കേസിലെ പ്രതി അഫ്സല്‍ ഗുരുവിനെ ന്യായീകരിച്ച് വെൽഫെയർ പാർട്ടി നേതാവും വുമൺ ജസ്റ്റിസ് മൂവ്മെന്‍റ് സംസ്ഥാന സെക്രട്ടറിയുമായ ഫൗസിയ ആരിഫ്. അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയത് പൊതുബോധത്തെ തൃപ്തിപ്പെടുത്താൻ എന്നായിരുന്നു ഫൗസിയ ആരിഫിന്റെ ആരോപണം. കള്ളപ്പണ കേസിൽ ഇഡി അറസ്റ്റ് ചെയ്ത എസ്ഡിപിഐ ദേശീയ അദ്ധ്യക്ഷൻ എം കെ ഫൈസിക്ക് ഐക്യദാർഢ്യം പ്രഖാപിച്ച് കോഴിക്കോട് വടകരയിൽ നടത്തിയ പരിപാടിയിലായിരുന്നു പ്രസംഗം.
അഫ്സൽ ഗുരുവിനെതിരെ ചുമത്തിയ കുറ്റങ്ങളൊന്നും തെളിയിക്കാൻ ജുഡീഷ്യറിക്ക് സാധിച്ചിരുന്നില്ലെന്നും പൊതുബോധത്തെ തൃപ്തിപ്പെടുത്താൻ മാത്രമാണ് അയാളെ തൂക്കിലേറ്റിയതെന്നും അവർ പറഞ്ഞു. ജുഡീഷ്യറിയെ പരിഹസിക്കുന്നതും വെല്ലുവിളിക്കുന്നതുമാണ് ഫൗസിയ ആരിഫിന്റെ പ്രസ്താവന. ഭീകരവാദികൾക്കെതിരെ കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടികളെയും അധിക്ഷേപിക്കുകയാണ് വെൽഫെയർ പാർട്ടിയുടെ വനിത നേതാവ്.
2001 ഡിസംബർ 13-നാണ് പാർലമെന്റിലേക്ക് ഭീകരാക്രമണം നടന്നത്. ആയുധധാരികളായ അഞ്ചംഗ സംഘമാണ് പാർലമെന്റ് ആക്രമിച്ചത്. ആഭ്യന്തര മന്ത്രാലയത്തിന്റെ സ്റ്റിക്കർ പതിപ്പിച്ച കാറിലാണ് അക്രമികളെത്തിയത്. ആറ് പൊലീസ് ഉദ്യോഗസ്ഥരും, രണ്ട് സുരക്ഷ ഉദ്യോഗസ്ഥരും ഒരു തോട്ടം തൊഴിലാളുമാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തിന്റെ സൂത്രധാരൻ അഫ്സൽ ഗുരുവാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് 12 വർഷത്തെ വിചാരണയ്‌ക്ക് ശേഷം 2013 ഫെബ്രുവരിയിലാണ് വധശിക്ഷ നടപ്പിലാക്കിയത്.















