ലക്നൗ: മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം പ്രതിയായ മുസ്കാനും ആൺസുഹൃത്ത് സാഹിൽ ശുക്ലയും പോയത് പാർട്ടിക്ക്. ഹിമാചൽ പ്രദേശിലെ മണാലിയിലേക്കാണ് പ്രതികൾ കടന്നത്. മുസ്കാനും കാമുകനും പാർട്ടിയിൽ പങ്കെടുക്കുന്നതിന്റെയും ഹോളി ആഘോഷിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഹിമാചൽ പ്രദേശിലെ മഞ്ഞുമലകൾക്കിടയിൽ നിന്നുള്ള ചിത്രങ്ങൾ മുസ്കാൻ തന്റെ സോഷ്യൽമീഡിയ അക്കൗണ്ടിലും പോസ്റ്റ് ചെയ്തിരുന്നു.
ഭർത്താവ് സൗരഭ് രാജ്പുതിനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി സിമന്റ് ഡമ്മിനുള്ളിലാക്കിയെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നേരത്തെയും മുസ്കാൻ സൗരഭിനെ കൊലപ്പെടുത്താൻ ശ്രമിച്ചതായി പൊലീസ് കണ്ടെത്തി. ഫെബ്രുവരി 25-ന് മയക്കുമരുന്ന് കലർത്തിയ ഭക്ഷണം നൽകിയെങ്കിലും സൗരഭിന്റെ ബോധം നഷ്ടപ്പെട്ടിരുന്നില്ല. അതിനാൽ കൊലപാതകശ്രമം ഉപേക്ഷിക്കുകയായിരുന്നു.
പിന്നീട് മാർച്ച് നാലിന് വീണ്ടും മയക്കുമരുന്ന് നൽകുകയായിരുന്നു. ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി സൗരഭിന് നൽകി. തുടർന്ന് ബോധരഹിതനായ സൗരഭിനെ കുത്തിക്കൊലപ്പെടുത്തി. പിന്നീട് കഷ്ണങ്ങളാക്കി മുറിച്ചു. കൊലപാതകത്തിന് മുമ്പ് മകളെ ബന്ധുവീട്ടിലേക്ക് മാറ്റിയിരുന്നു. സൗരഭിന്റെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറംലോകം അറിഞ്ഞത്. കൊലപാതകം നടത്തിയ ശേഷം പ്രതികൾ മണാലിയിലേക്ക് പോയി. പിന്നീട് ഒളിവിൽ കഴിയാൻ പദ്ധതിയിട്ടെങ്കിലും തിരികെ മീററ്റിലേക്ക് വരികയായിരുന്നു.















