ടൊവിനോ തോമസ് നായകനായ ചിത്രം നരിവേട്ടയുടെ കാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ ബഷീർ മുഹമ്മദ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് സുരാജ് എത്തുന്നത്. പൊലീസ് വേഷത്തിൽ നിൽക്കുന്ന സുരാജിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്.
ഇഷ്‌ക് എന്ന സിനിമയ്‌ക്ക് ശേഷം അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ചിത്രമാണ് നരിവേട്ട. തമിഴ് സിനിമ നടനും സംവിധായകനുമായ ചേരൻ ചിത്രത്തിലൊരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. ചേരന്റെ ആദ്യ മലയാള ചിത്രമാണിത്. ആര്യ സലിം, റിനി ഉദയകുമാർ, പ്രിയംവദ കൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
ടൊവിനോയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ജേതാവ് അബിൻ ജോസഫാണ് നരിവേട്ടയുടെ തിരക്കഥ ഒരുക്കുന്നത്. കാണെക്കാണെ എന്ന സിനിമയ്‌ക്ക് ശേഷം ടൊവിനോയും സുരാജും ഒന്നിക്കുന്ന ചിത്രം കൂടിയാണ് നരിവേട്ട.
ഇതുവരെ ചെയ്തതിൽ നിന്ന് ഏറെ വ്യത്യസ്തമായ കഥാപാത്രമായായിരിക്കും സുരാജ് ചിത്രത്തിലെത്തുക.