തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയിൽ വീണ്ടും ശിശു മരണം. അഞ്ചര മാസം പ്രായമുള്ള കുഞ്ഞാണ് ഇന്ന് രാവിലെ മരിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ടാമത്തെ ശിശു മരണമാണിത്.
പാൽ തൊണ്ടയിൽ കുരുങ്ങി മരിച്ചു എന്നാണ് പൊലീസ് നൽകിയ വിവരം. എന്നാൽ ശ്വാസം മുട്ടലിനെ തുടർന്നാണ് കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടുവന്നതെന്ന് എസ്എടി ആശുപത്രി അധികൃതർ പറഞ്ഞു. മരണകാരണം പോസ്റ്റ്മോർട്ടത്തിന് ശേഷം വ്യക്തമാകുമെന്നാണ് ഔദ്യോഗിക വിശദീകരണം. കുഞ്ഞിന് മറ്റ് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നില്ല എന്നാണ് വിവരം.
ഫെബ്രുവരി 28 നാണ് ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചത്. എന്നാൽ യഥാർത്ഥ കാരണം ഇതുവരെ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. അറ്റകുറ്റപ്പണിയുടെ പേരിൽ ശിശുക്ഷേമ സമിതിയിൽ നിന്ന് കുട്ടികളെ സമീപത്തെ ലോഡ്ജിലേക്ക് മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. ഇവിടെ കുഞ്ഞുങ്ങൾക്ക് വേണ്ട അടിസ്ഥാന സൗകര്യമില്ലെന്ന ആരോപണം ഉയരുന്നുണ്ട്.
കഴിഞ്ഞ വർഷം കിടക്കയിൽ മൂത്രമൊഴിച്ചതിന് രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ച സംഭവം പുറത്ത് വന്നിരുന്നു. കുഞ്ഞുങ്ങളോട് ക്രൂരമായാണ് പെരുമാറുന്നും ഉപദ്രവിക്കുമെന്നും മുൻ ജീവനക്കാരി വെളിപ്പെടുത്തിയിരുന്നു.