മലബാറിലെ ദേശീയപ്രസ്ഥാനങ്ങളുടെ പെൺകരുത്തായിരുന്നു അഹല്യശങ്കറെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അവരുടെ വിയോഗം കേരളത്തിലെ ദേശീയപ്രസ്ഥാനങ്ങൾക്ക് തീരാനഷ്ടമാണെന്നും അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ജനസംഘത്തിന്റെ ഐതിഹാസികമായ കോഴിക്കോട് അഖിലേന്ത്യാ സമ്മേളനത്തിലൂടെ പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവന്ന അഹല്യേടത്തി 1980ൽ ബോംബെയിൽ നടന്ന ബിജെപി രൂപീകരണ യോഗത്തിലും പങ്കെടുത്തു. നാല് പതിറ്റാണ്ടുകാലം ജനസംഘത്തിന്റെയും ബിജെപിയുടേയും വിവിധ ചുമതലകളിൽ പ്രവർത്തിച്ച് ജനങ്ങളുടെ സ്നേഹവും ആദരവും പിടിച്ചുപറ്റാൻ അവർക്ക് സാധിച്ചു. ജനിച്ചത് ന്യൂമാഹിയിലാണെങ്കിലും പൊതുപ്രവർത്തനം നടത്തിയത് കോഴിക്കോടായിരുന്നു.
മഞ്ചേരി, പൊന്നാനി എന്നിവിടങ്ങളിൽ ലോക്സഭ തിരഞ്ഞെടുപ്പുകളിലും ബേപ്പൂർ, കൊയിലാണ്ടി മണ്ഡലങ്ങളിൽ നിയമസഭ തിരഞ്ഞെടുപ്പിലും അവർ ജനവിധി തേടി. കോഴിക്കോട് കോർപ്പറേഷനിൽ നിരവധി തവണ മത്സരിച്ച അഹല്യാശങ്കറിന് നഗരത്തിന്റെ എല്ലാ സ്പന്ദനങ്ങളും ഹൃദിസ്ഥമായിരുന്നു.
രാഷ്‌ട്രീയ-വർഗീയ സംഘർഷങ്ങൾ ഉണ്ടായപ്പോൾ സമാധാനത്തിന്റെ സന്ദേശവുമായി എത്തിയ അവർ കോഴിക്കോടിന്റെ ഹൃദയം കവർന്നു. നീതിനിഷേധത്തിനെതിരെ സമരപോരാട്ടം നടത്താൻ അഹല്യേടത്തി എന്നും മുമ്പിൽ തന്നെയുണ്ടായിരുന്നു. അടിസ്ഥാന ജനവിഭാഗമായ മത്സ്യത്തൊഴിലാളി കുടുംബത്തിൽ ജനിച്ച അവർ ആ വിഭാഗത്തിന്റെ ഉന്നമനത്തിനായി ജീവിതവസാനം വരെ പോരാടുകയും ചെയ്തു.















