ന്യൂഡൽഹി: മഹാകുംഭമേളയ്‌ക്ക് അയിത്തം കൽപ്പിച്ച ഇൻഡി സഖ്യം ഇത്തവണയും ഇഫ്താർ വിരുന്നിൽ കൃത്യമായി പങ്കെടുത്തു. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, സമാജ്‌വാദി പാർട്ടി എംപി ജയ ബച്ചൻ, അഖിലേഷ് യാദവ് എന്നവരടക്കം നിരവധി പ്രതിപക്ഷ നേതാക്കളാണ് മുസ്ലീംലീഗ് സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ പങ്കെടുത്തത്.
രാഷ്‌ട്രീയ നേതാക്കൾ ഇഫ്താർ വിരുന്നിൽ പങ്കെടുക്കുന്നതിൽ സാങ്കേതികമായി തെറ്റില്ല. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ ആത്മീയ സമ്മേളനമായ കുംഭമേളയുടെ കാര്യത്തിൽ ഇവർ സ്വീകരിച്ച സമീപനമാണ് വിമർശന വിധേയമാകുന്നത്. അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണവും ഇവർ നിരസിച്ചിരുന്നു. ന്യൂനപക്ഷ വോട്ട് ബാങ്ക് ഭയന്നാണ് ഇത്തരം തീരുമാനങ്ങൾ എന്ന വിമർശനവും ശക്തമായിരുന്നു.
വർഷങ്ങളോലം യുപി റായ് ബറേലിയിൽ നിന്നുള്ള എംപിയായിരുന്നു സോണിയ. പിന്നാലെ രാഹുലും ഇവിടെ നിന്നാണ് ജയിച്ചത്. പ്രിയങ്കയുടെ രാഷ്‌ട്രീയ കർമ്മഭൂമിയാണ് യുപി. എന്നിട്ടും കുംഭമേളയിൽ നിന്നും സകുടുംബം വിട്ടുനിന്നു. ഗംഗയിൽ കുളിച്ചാൽ രാജ്യത്തിന്റെ ദാരിദ്ര്യം മാറുമോ എന്നായിരുന്നു ഖാർഗെ ചോദിച്ചത്.
അഖിലേഷും ജയബച്ചനും കുംഭമേളയെ കുറിച്ച് നടത്തിയ പരാമർശവും ഏറെ വിവാദമായിരുന്നു. ലോകത്തിലെ ഏറ്റവും മലിനമായ വെള്ളം മഹാ കുംഭമേളയിലാണെന്നും തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ മൃതദേഹങ്ങൾ അവിടെ തള്ളുന്നു എന്നിങ്ങനെയാണ് ജയ ബച്ചന്റെ പ്രതികരണം. എന്നാൽ കുംഭമേള സമാപിച്ചിട്ട് ആഴ്ചകൾ പിന്നിടുമ്പോഴും പകർച്ചവ്യാധികളോ മറ്റെന്തിങ്കിലും ആരോഗ്യ പ്രശ്നങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.















