ടെൽ അവീവ്: തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിന്റെ ഉന്നത രാഷ്ട്രീയ നേതാവ് കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഹമാസ് നേതാവ് സലാഹ് അൽ-ബർദാവീലാണ് കൊല്ലപ്പെട്ടതായി ഹമാസും പലസ്തീൻ മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്തത്.
മാദ്ധ്യമ റിപ്പോർട്ടുപ്രകാരം വ്യോമാക്രമണത്തിൽ ഗ്രൂപ്പിന്റെ രാഷ്‌ട്രീയ ഓഫീസിലെ അംഗമായ ബർദാവീലും അദ്ദേഹത്തിന്റെ ഭാര്യയും കൊല്ലപ്പെട്ടു. എന്നാൽ ഇസ്രായേലി ഉദ്യോഗസ്ഥരിൽ നിന്നുള്ള പ്രതികരണം പുറത്തുവന്നിട്ടില്ല. ജനുവരി 19 ന് ആരംഭിച്ച വെടിനിർത്തൽ കരാർ ഉപേക്ഷിച്ച് ഇസ്രായേൽ ഗാസയിൽ ആക്രമണങ്ങൾ പുനരാരംഭിച്ചതിന് പിന്നാലെയാണിത്.
ചൊവ്വാഴ്ച ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹമാസിന്റെ യഥാർത്ഥ സർക്കാർ തലവൻ എസ്സാം അദ്ദലീസ്, ആഭ്യന്തര സുരക്ഷാ മേധാവി മഹ്മൂദ് അബു വത്ഫ എന്നിവരുൾപ്പെടെ നിരവധി നേതാക്കൾ കൊല്ലപ്പെട്ടു. അതേസമയം ഹമാസ് സ്വന്തം ആവശ്യങ്ങൾക്കായി സഹായം സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് ഇസ്രായേൽ ഗാസയിലേക്കുള്ള ചരക്കു നീക്കം തടഞ്ഞിരുന്നു. എന്നാൽ ഹമാസ് ഇത് നിഷേധിച്ചു.















