മീററ്റ്: കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ ഭാര്യ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. മെർച്ചന്റ് നേവി ഓഫീസറായ സൗരഭ് രജ്പുത്തിനെ പൈശാചികമായാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
ഭാര്യ മുസ്കാൻ റാസ്തോഗിയും കാമുകൻ സാഹിൽ ശുക്ലയും ചേർന്നായിരുന്നു കൊലപാതകം. കൊല്ലപ്പെട്ട സൗരഭിന്റെ ശിരസ് ശരീരത്തിൽ നിന്ന് അറുത്തുമാറ്റിയ നിലയിലായിരുന്നു. ഇരുകൈപ്പത്തികളും വെട്ടിമാറ്റി. കാലുകൾ പിന്നിലേക്ക് മടക്കുകയും ചെയ്തു. ഡ്രമ്മിനകത്ത് കുത്തിക്കയറ്റുന്നതിന് അനുയോജ്യമായ രീതിയിൽ മൃതദേഹത്തെ ഒടിച്ചുമടക്കി. രക്തംവാർന്നാണ് സൗരഭ് മരിച്ചതെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഡ്രമ്മിൽ മൃതദേഹം ഇറക്കിയ ശേഷം അതിൽ സിമന്റിട്ട് മൂടുകയും ചെയ്തു. ഡ്രമ്മിന് അകത്തേക്ക് വായു കടക്കാത്ത വിധം അടച്ചിരുന്നതിനാൽ മൃതദേഹാവശിഷ്ടങ്ങൾ അഴുകിയിരുന്നില്ല.
സൗരഭിന് ലഹരി നൽകി മയക്കിയ ശേഷം നെഞ്ചിൽ കുത്തിയാണ് ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയത്. യുവാവിന്റെ ഹൃദയത്തിൽ മൂന്നുതവണയാണ് കുത്തേറ്റതെന്നും ഡോക്ടർമാർ പറഞ്ഞു.
കൃത്യം നടത്തിയതിന് പിന്നാലെ മണാലിയിലേക്ക് വിനോദയാത്ര പോവുകയായിരുന്നു ഭാര്യയും കാമുകനും. ദിവസങ്ങൾക്ക് ശേഷമാണ് വിവരം പൊലീസറിയുന്നത്. തുടർന്ന് ഇരുവരും അറസ്റ്റിലാവുകയും ചെയ്തു.
മുസ്കാനെ കാമുകൻ സാഹിൽ ലഹരിമരുന്നിന് അടിമയാക്കിയിരുന്നു. ഇക്കാര്യം മുസ്കാന്റെ മാതാപിതാക്കളാണ് വെളിപ്പെടുത്തിയത്. മുസ്കാനെതിരെ മൊഴി നൽകിയതും യുവതിയുടെ മാതാവാണ്.















