ആലപ്പുഴ: പ്രസംഗത്തിനിടെ വീണ്ടും വിവാദ പരാമർശവുമായി സജി ചെറിയാൻ. കേരളത്തിൽ മരണ നിരക്ക് കുറയുന്നത് സർക്കാരിന്റെ പെൻഷൻ ബാധ്യത വർദ്ധിപ്പിക്കാൻ ഇടയാക്കുമെന്നാണ് മന്ത്രിയുടെ പരോക്ഷ വാദം. ലക്ഷക്കണക്കിനാളുകൾ കേരളത്തിൽ പെൻഷൻ പറ്റുന്നുണ്ടെന്നും ആരോഗ്യപരിപാലനത്തിൽ സംസ്ഥാനം ഒന്നാമതാണെങ്കിലും മരണസംഖ്യ കുറയുന്നതും ഒരു പ്രശ്‌നമാണെന്നായിരുന്നു സജി ചെറിയാൻ പറഞ്ഞത്.
“പെൻഷൻ പറ്റുന്ന ലക്ഷക്കണക്കിനാളുകൾ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ വളരെക്കുറവാണ്. എല്ലാവരും മരിക്കണമെന്നല്ല പറഞ്ഞതിന്റെ അർത്ഥം. ആരോഗ്യപരിപാലനത്തിൽ കേരളം ഒന്നാമതാണ്. അതും പ്രശ്‌നമാണ്. ജനിക്കുന്നത് മാത്രമല്ല മരിക്കുന്നതും വളരെ കുറവാണ്. 80,90,95,100 വയസുവരെയൊക്കെ ജീവിക്കുന്നവരുണ്ട്,” മന്ത്രി പറഞ്ഞു.കേരള എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളന സ്വാഗതസംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് പരാമർശം.
94 വയസ്സായ തന്റെ അമ്മയും പെൻഷൻ വാങ്ങുന്നുണ്ട്. എന്തിനാണ് അമ്മയ്‌ക്കു പെൻഷനെന്നു ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം ഹാസ്യരൂപേണ പറഞ്ഞു. സർക്കാർ ജീവനക്കാരുടെ ശമ്പളം, പെൻഷൻ, ക്ഷേമ പെൻഷൻ തുടങ്ങി കടമെടുത്താലും തീരാത്തത്ര സാമ്പത്തിക ബാധ്യതകളുണ്ടെന്ന് വിശദമാക്കുകയായിരുന്നു മന്ത്രി.പ്രസ്താവന ഇതിനോടകം വിവാദമായി മാറിക്കഴിഞ്ഞു.