തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിൽ അഫാനെയും ബാപ്പ റഹീമിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്ത് പൊലീസ്. അഫാനെ കണ്ടപ്പേൾ ”എല്ലാം തകർത്തു കളഞ്ഞില്ലേ”യെന്നാണ് പൊട്ടിക്കരഞ്ഞുകൊണ്ട് റഹിം ചോദിച്ചത്. ”ഉമ്മയും അനുജനും തെണ്ടുന്നത് കാണാൻ വയ്യ” എന്നായിരുന്നു ഇതിന് അഫാൻ നൽകിയ മറുപടി.
കൂട്ടക്കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക ബാധ്യതയെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ബാധ്യതയ്‌ക്ക് കാരണം അഫാന്റെയും അമ്മയുടെയും സാമ്പത്തിക അച്ചടകം ഇല്ലായ്മ തന്നെയാണെന്നും പൊലീസ് സ്ഥിരീകരിച്ചു.
അഫാന്റെയോ അമ്മയുടേയോ കൈവശം ഒരു രൂപ പോലുമുണ്ടായിരുന്നില്ല. കടത്തിൽ നിൽക്കുമ്പോഴും അഫാൻ രണ്ടു ലക്ഷം രൂപയുടെ ബൈക്ക് വാങ്ങി. കൊല നടന്ന ദിവസം 50,000 രൂപയുടെ കടം നൽകാൻ ഉണ്ടായിരുന്നുവെന്നാണ് അഫാൻ പൊലീസിന് നൽകിയ മൊഴി. കൊല നടക്കുന്നതിന് തലേ ദിവസം കാമുകിയിൽ നിന്നും 200 രൂപ കടം വാങ്ങി. കടമായി പണം നൽകിയവർ വരുന്നതിന് മുമ്പാണ് കൊലപാതകങ്ങൾ ചെയ്തതെന്നും അഫാൻ പറയുന്നു.
പ്രതിയെ സിനിമ സ്വാധീനിച്ചുവെന്ന പ്രചാരണം തെറ്റാണെന്ന് പൊലീസ് വ്യക്തമാക്കി. കേസിൽ ഉടൻ തന്നെ കുറ്റപത്രം സമർപ്പിക്കും.
വെഞ്ഞാറമൂട് അഞ്ച് പേരാണ് അഫാന്റെ കൂട്ടക്കുരുതിക്ക് ഇരയായത്. ഉമ്മ ഷെമിയെ തലയ്‌ക്കടിച്ച് വീഴ്‌ത്തിയപ്പോൾ മരിച്ചെന്ന് കരുതിയ അഫാൻ ശേഷിക്കുന്നവരെ കൊല്ലാൻ പോവുകയായിരുന്നു. ഉമ്മൂമ്മയെ കൊലപ്പെടുത്തിയ ശേഷം പിതൃസഹോദരനേയും അയാളുടെ ഭാര്യയേയും ചുറ്റികയ്‌ക്കടിച്ച് കൊന്നു. ശേഷം കാമുകി അഫ്സാനയെ വിളിച്ചുവരുത്തി തലയ്‌ക്കടിച്ചു കൊന്നു. ഏറ്റവുമൊടുവിലാണ് സ്കൂൾ വിദ്യാർത്ഥിയായ കൊച്ചനുജനെ കൊലപ്പെടുത്തിയത്. കാമുകിയേയും അനുജനേയും കൊലപ്പെടുത്തുന്നതിന് മുൻപ് ആദ്യം ചെയ്ത കൊലകളെക്കുറിച്ച് മനസുതുറന്നിരുന്നു. അഞ്ച് കൊലപാതകൾക്ക് ശേഷം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു യുവാവ്.















