കോഴിക്കോട് പേരാമ്പ്രയിൽ ആസിഡ് ആക്രമണം. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂട്ടാലിട സ്വദേശിനി പ്രവിഷയ്‌ക്ക് നേരെയായിരുന്നു ആക്രമണം. മുഖത്തും നെഞ്ചിലും പുറത്തും ഗുരുതരമായി പൊള്ളലേറ്റു. മുൻ ഭർത്താവ് പ്രശാന്താണ് ആക്രമണം നടത്തിയതെന്നാണ് വിവരം. ഇയാളെ മേപ്പയൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.
ആയുർവേദ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു യുവതി. ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് പുറത്തേക്ക് വിളിച്ചിറക്കുകയായിരുന്നു പ്രശാന്ത്. ഇതിന് പിന്നാലെ കയ്യിലെ ഫ്ലാസ്കിൽ കരുതിയിരുന്ന ആസിഡ് യുവതിയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന പ്രവിഷയുടെ ആരോഗ്യനില അതീവ ഗുരുതരമാണ്.
പ്രശാന്തുമായുള്ള വൈവാഹിക ജീവിതം നേരത്തെ അവസാനിപ്പിച്ചതായിരുന്നു യുവതി. മൂന്ന് വർഷം മുൻപായിരുന്നു വിവാഹമോചനം. പ്രശാന്തിന്റെ പെട്ടെന്നുള്ള പ്രകോപനത്തിനുള്ള കാരണം വ്യക്തമല്ല.















