പാലക്കാട്: മലമ്പുഴ ഡാമിന് സമീപത്ത് മഹാശില നിർമിതികൾ കണ്ടെത്തി. പുരാവസ്തു ഗവേഷകർ നടത്തിയ ഖനനത്തിലാണ് ശിലാ നിർമിതികൾ കണ്ടെത്തിയത്. ഒറ്റ അറയുള്ളതും ഒന്നിലധികം അറകളുള്ളതുമായ 110-ലധികം ശിലാ നിർമിതികളാണ് കണ്ടെടുത്തത്. മലമ്പുഴ ഡാമിലെ ദ്വീപുകൾ പോലെയുള്ള 45 ഹെക്ടർ സ്ഥലത്തെ കുന്നുകളിലായിരുന്നു ഖനനം.
വലിയ ഗ്രാനൈറ്റ് ശിലകളും ചിലതിൽ ലാറ്ററൈറ്റ് കല്ലുകളും ഉപ യോഗിച്ചിട്ടുണ്ട്. ഇവ പ്രാചീന കല്ലറ വിഭാഗത്തിൽപ്പെട്ടവയെന്നാണ് നിഗമനം. കേരളത്തിലെ പ്രാചീന സമൂഹത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കാൻ ഇവ സഹായിക്കും. പ്രാചീന സമൂഹത്തിന്റെ വിശ്വാസം, സംസ്കാരം, ജീവിതശൈലി എന്നിവയെ കുറിച്ചുള്ള സൂചനകളും ഇവയിലൂടെ ലഭിക്കും.
ഇരുമ്പുയുഗത്തിലാണ് ശിലാനിർമിതികളുടെ നിർമാണം എന്നാണ് വിലയിരുത്തൽ. കേരളത്തിലെ ആദ്യകാല ഇരുമ്പുയുഗ സമൂഹത്തെ കുറിച്ചുള്ള കൂടുതൽ കണ്ടെത്തലുകൾക്ക് ഇവ സഹായകമാകുമെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ഗവേഷകർ വ്യക്തമാക്കി.















