തിരുവനന്തപുരം: കേരള ബിജെപിയെ നയിക്കാൻ തയാറെടുത്ത് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്ക് പിന്നാലെ പുതിയ സംസ്ഥാന അദ്ധ്യക്ഷനെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി നേതൃത്വം. ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി അധികേറ്റമേൽക്കുന്നതിന് മുന്നോടിയായി ശ്രീനാരായണ ഗുരുവിന്റെ പ്രശസ്ത വാചകം രാജീവ് ചന്ദ്രശേഖർ സോഷ്യൽമീഡിയയിൽ പങ്കുവച്ചു.
“വിദ്യകൊണ്ട് പ്രബുദ്ധരാവുക, സംഘടനകൊണ്ട് ശക്തരാവുക, പ്രയത്നംകൊണ്ട് സമ്പന്നരാവുക” എന്ന വാക്യമാണ് രാജീവ് ചന്ദ്രശേഖർ ഫെയ്സ്ബുക്കിൽ കുറിച്ചത്. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള കുറിപ്പിനൊപ്പം ശ്രീനാരായണ ഗുരുവിന്റെ ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
കേരളത്തിന്റെ പ്രഭാരിയായ പ്രകാശ് ജാവ്ഡേക്കരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് കേന്ദ്രനേതൃത്വത്തിന്റെ നോമിനി രാജീവ് ചന്ദ്രശേഖറാണെന്ന് വിവരം അറിയിച്ചത്. തുടർന്ന് അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാജീവ് ചന്ദ്രശേഖർ നാമനിർദേശപത്രിക സമർപ്പിച്ചു. ഇന്ന് നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷമായിരിക്കും ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുക.
പ്രധാന നേതാക്കളുടെ ഓരോരുത്തരുടെയും അഭിപ്രായങ്ങൾ ചോദിച്ചതിന് ശേഷമായിരുന്നു കോർകമ്മിറ്റി യോഗത്തിലെ പ്രഖ്യാപനം.















