തിരുവനന്തപുരം: സിപിഎം നേതാവായിരുന്ന കെ അനിരുദ്ധന്റെ മകനും മുൻ എം. പി എ സമ്പത്തിന്റെ സഹോദരനുമായ കസ്തൂരി അനിരുദ്ധൻ ഹിന്ദു ഐക്യവേദി ജില്ലാ അദ്ധ്യക്ഷനായത് സൈബർ ഇടത്തിൽ വലിയ ചർച്ചയാണ്. കമ്യൂണിസ്റ്റ് കുടുംബത്തിൽ നിന്നും എങ്ങനെ ഇത്തരം ഒരു ചുമതലയിൽ എത്തിയെന്ന ചോദ്യമാണ് പ്രധാനമായും ഉയർന്നത്. എഞ്ചിനിയറിംഗ് ബിരുദധാരിയായ കസ്തൂരി അനിരുദ്ധൻ കഴിഞ്ഞ 20 വർഷമായി ഹിന്ദു പ്രസ്ഥാനങ്ങളുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്.
തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളജിൽ പഠിച്ചിരുന്ന സമയത്ത് എസ്എഫ്ഐ പ്രവർത്തകനായിരുന്നുവെന്ന് കസ്തൂരി അനിരുദ്ധൻ പറഞ്ഞു. യൂണിറ്റ് സെക്രട്ടറിയും പ്രസിഡന്റും ചെയർമാനുമായിരുന്നു. ഇതിന് ശേഷമാണ് ഹിന്ദു ശാസ്ത്രം പഠിക്കാൻ തുടങ്ങിയത്. ഗ്രന്ഥങ്ങൾ വായിച്ച് സത്യാവസ്ഥ മനസ്സിലാക്കുന്നത്. അതിന് മുമ്പ് ഇവ പഠിക്കാനുള്ള അവസരം വീട്ടിൽ ഇല്ലായിരുന്നു, കസ്തൂരി അനിരുദ്ധൻ പറഞ്ഞു.
ഭാരതീയ സംസ്‌കാരത്തെ തകർക്കാൻ ആണ് ഇടത് പാർട്ടികളുടെ എല്ലാ കാലത്തെയും ലക്ഷ്യമെന്നു കസ്തൂരി അനിരുദ്ധൻ പറഞ്ഞു. തെറ്റ് തിരുത്താൻ ഒരിക്കലും സിപിഎം തയ്യാറല്ല. സഖാവ് എന്ന വാക്ക് പോലും അർത്ഥം മനസ്സിലാക്കാതെയാണ് കേരളത്തിൽ ഉപയോഗിക്കുന്നത്. വിഷ്ണു സഹസ്ര നാമത്തിൽ ഭഗാവനെ വിളിക്കുന്ന ആയിരം പേരുകളിൽ ഒരു വാക്ക് ‘സഖാ’ എന്നാണ്. ‘സഖാ’ എന്ന് പറഞ്ഞാൽ എപ്പോഴും നമ്മുടെ കൂടെയുള്ളവൻ, നമ്മെ കൈവിടാത്തവൻ എന്നാണ് അർത്ഥം. ഹിന്ദു ശാസ്ത്രപരമായി ദൈവികമായ വാക്കാണിത്.
സ്ഥാനം ഏറ്റെടുക്കാൻ പോകുന്നതുമായി ബന്ധപ്പെട്ട് സഹോദരനുമായി ചർച്ച ചെയ്തിട്ടില്ല. എന്നാൽ ചുമതല ലഭിച്ച ശേഷം ആദ്യം വിളിച്ചത് ചേട്ടനെയാണ്. അദ്ദേഹം യെസ് എന്നോ നോ എന്നോ പറഞ്ഞില്ല. എനിക്ക് എന്റെ സ്വാതന്ത്ര്യം നിനക്ക് നിന്റെ സ്വാതന്ത്ര്യം എന്ന ചിന്തഗതിയാണ് രണ്ട് പേർക്കും. അങ്ങോട്ടും ഇങ്ങോട്ടും സ്ട്രോങായി ഇന്റർഫിയർ ചെയ്യാറില്ല. അഭിപ്രായം ആവശ്യമാണെങ്കിൽ അങ്ങോട്ടും അങ്ങോട്ടും ചോദിക്കും. തുറന്ന മനസ്സോടെ ഏത് കാര്യത്തിലായാലും അഭിപ്രായം പറയും.
കസ്തൂരി അനിരുദ്ധനും മുൻ എം.പി എ. സമ്പത്തും ഒരേ കൊമ്പൗണ്ടിൽ ഇരു വീടുകളിലായാണ് താമസം. ഞായറാഴ്ച തിരുവനന്തപുരത്ത് ചേർന്ന ജില്ലാ പ്രതിനിധി സമ്മേളനത്തിലാണ് കസ്തൂരി അനിരുദ്ധനെ അദ്ധ്യക്ഷനായി പ്രഖ്യാപിച്ചത്.