പശ്ചിമ ബംഗാൾ സിപിഎം സംസ്ഥാന ഘടകത്തിന്റെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ നിന്നും ചുവപ്പ് നിറം നീക്കി. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അടക്കമുളള നവമാദ്ധ്യമങ്ങളിൽ ചുവപ്പിന് പകരം നീലയാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ നിറം മാറ്റത്തിൽ അസ്വാഭവികതയില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വാദം. പുതിയ തലമുറയെ ആകർഷിക്കാനാണ് നിറം മാറ്റമെന്നാണ് നേതൃത്വം പറയുന്നത്. യുവാക്കൾക്ക് ചുവപ്പിനോട് താൽപ്പര്യം പോരായെന്ന് കൂടി സമ്മതിക്കുകയാണ് ബംഗാൾ സിപിഎം.
ഒരു കാലത്ത് കമ്യൂണിസം എന്നാൽ തന്നെ ചുവപ്പായിരുന്നു. എന്നാൽ അടുത്തകാലത്തായി പ്രത്യേകിച്ചും സിപിഎമ്മിന് ചുവപ്പിനോട് താൽപ്പര്യം കുറയുകയാണ് . കഴിഞ്ഞ ദിവസം ചുവപ്പ് നിറം അത്ര പോസിറ്റീവ് അല്ലെന്നും ആരെങ്കിലും കെട്ടിടത്തിന് ചുവപ്പ് അടുക്കുമോ എന്നുമായിരുന്നു സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ പറഞ്ഞത്. പുതിയ ഏകെജി സെന്റിന്റെ കാവി നിറം സംബന്ധിച്ച ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പൊസിറ്റീവ് എനർജി കിട്ടുന്ന നിറം ഏതാണെന്ന് എല്ലാവർക്കും അറിയാമല്ലോ എന്നും ഗോവിന്ദൻ മറുചോദ്യം ചോദിച്ചു.
സംസ്ഥാനത്ത് മിക്ക പാർട്ടി ഓഫീസുകളുടെയും നിറം ചുവപ്പാണ്. അധികം വൈകാതെ പാർട്ടി ഓഫീസുകളുടെ നിറം മാറ്റവും പ്രതിക്ഷിക്കാം. ചെങ്കൊടിയുടെ നിറം മാറ്റവും വിദൂരമല്ല.















