മുംബൈ: ഛത്രപതി സംഭാജി നഗറിലെ ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് നടത്തിയ പ്രതിഷേധത്തിനെതിരെ ആക്രമണം അഴിച്ചുവിട്ട സംഘത്തിലെ മുഖ്യപ്രതിയുടെ വീടിന് നേരെ ബുൾഡോസർ നടപടി. നാഗ്പൂരിൽ നടന്ന പ്രതിഷേധ മാർച്ചിൽ ആക്രമണം നടത്തിയ ഫാഹിം ഷാന്റെ വീടാണ് കോർപ്പറേഷൻ അധികൃതർ ബുൾഡോസർ ഉപയോഗിച്ച് തകർത്തത്.
കെട്ടിടം അനധികൃതമായി നിർമിച്ചതെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കോർപ്പറേഷനിലെ ഉദ്യാേഗസ്ഥരെത്തി ബുൾഡോസർ നടപടി സ്വീകരിച്ചത്. നാഗ്പൂരിലെ യശോധര നഗർ പ്രദേശത്തുള്ള വീടാണ് കോർപ്പറേഷൻ പൊളിച്ചുമാറ്റിയത്. കെട്ടിടം നിർമിച്ചതിൽ വീഴ്ചകൾ കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടി ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഫാഹിമിന് നോട്ടീസ് അയച്ചിരുന്നു.
വിശ്വഹിന്ദു പരിഷത്തും ബജ്റംഗദ്ളും നടത്തിയ പ്രതിഷേധത്തിനെതിരെ ആക്രമണം നടത്തിയ സംഭവത്തിൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ട്. ഫാഹിമിന്റെ പേരിലുള്ള നാഗ്പൂരിൽ സ്ഥിതിചെയ്യുന്ന വീട് കെട്ടിടനിർമാണ നിയമങ്ങൾ ലംഘിച്ചാണ് നിർമിച്ചതെന്ന് കോർപ്പറേഷൻ കണ്ടെത്തിയിരുന്നു. തുടർന്നാണ് ബുൾഡോസർ നടപടി സ്വീകരിച്ച് കെട്ടിടം ഇടിച്ചുനിരപ്പാക്കാൻ അധികാരികൾ തീരുമാനിച്ചത്.
ഔറംഗസേബിന്റെ ശവകുടീരം മാറ്റണമെന്ന് ആവശ്യപ്പെട്ട് മാർച്ച് 17-നാണ് സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തിയത്. എന്നാൽ ഇതിനെതിരെ ഒരു കൂട്ടം ആളുകൾ എത്തി പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു. പൊലീസിന് നേരെ കല്ലെറിയുകയും പ്രതിഷേധക്കാരെ മർദ്ദിക്കുകയും ചെയ്തു. തുടർന്ന് പ്രദേശത്ത് കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് അക്രമികളിൽ ചിലരെ പിടികൂടുകയും ചെയ്തു.















