ഹൈദരാബാദ്: സിനിമകളിലെ അശ്ലീല നൃത്തച്ചുവടുകൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് തെലങ്കാന വനിത കമ്മീഷൻ. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന നൃത്തച്ചുവടുകൾ ഇനിയും അംഗീകരിക്കാനാവില്ലെന്ന് വനിത കമ്മീഷൻ അറിയിച്ചു. ഇത്തരത്തിൽ കമ്മീഷന്റെ നിർദേശം ലംഘിക്കുന്ന സിനിമാ സംവിധായകന്മാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കമ്മീഷൻ മുന്നറിയിപ്പ് നൽകി.
സ്ത്രീകളെ ആക്ഷേപിക്കുന്ന തരത്തിലുള്ള നൃത്തച്ചുവടുകൾ ചിത്രീകരിച്ചാൽ സംവിധായകൻ, നിർമാതാക്കൾ, നൃത്തസംവിധായകൻ എന്നിവർ നിയമനടപടി നേരിടാൻ ബാധ്യസ്ഥരായിരിക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കി. അടുത്തിടെ പുറത്തിറങ്ങിയ പല തെലുങ്ക് സിനിമകളിലെയും ഗാനങ്ങളിൽ സ്ത്രീകളെ മോശമാക്കുന്ന രീതിയിലായിരുന്നു നൃത്തച്ചുവടുകൾ. ഇതിനെതിരെ നേരത്തെയും വനിത കമ്മീഷൻ വിമർശനം ഉന്നയിച്ചിരുന്നു.
വനിത കമ്മീഷന്റെ മുന്നറിയിപ്പ് തെലുങ്ക് സിനിമാ വ്യവസായത്തിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന വനിത കമ്മീഷൻ അദ്ധ്യക്ഷ ശാരദ നെരെല്ല അടുത്തിടെ ഇത് സംബന്ധിച്ച് വാർത്താകുറിപ്പ് പുറത്തിറക്കിയിരുന്നു. ചില ഗാനങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന നൃത്തച്ചുവടുകൾ അശ്ലീലവും സ്ത്രീകളെ അപമാനിക്കുന്നതുമാണെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി.
സ്ത്രീകളെ അപമാനിക്കുകയും ഇകഴ്‌ത്തുകയും ചെയ്യുന്ന അശ്ലീല നൃത്തച്ചുവടുകൾ ഉടൻ നിർത്തണമെന്നും സിനിമ മേഖലയിലുള്ളവർക്ക് പ്രേക്ഷകരുടെ ചില ധാർമിക ഉത്തരവാദിത്തങ്ങൾ ഉണ്ടാകണമെന്നും കമ്മീഷൻ വാർത്തുകുറിപ്പിൽ പറഞ്ഞു.















