ന്യൂഡൽഹി: പാർലമെന്റംഗങ്ങളുടെ വേതനം വർദ്ധിപ്പിച്ച് കേന്ദ്രം. പാർലമെന്ററികാര്യ മന്ത്രാലയം പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനം പ്രകാരം 2023 ഏപ്രിൽ ഒന്നുമുതൽ മുൻകാലപ്രാബല്യത്തിലാണ് വേതനവർദ്ധനവ്.
ലോക്സഭയിലേയും രാജ്യസഭയിലേയും അംഗങ്ങളുടെ ശമ്പളം ഒരുലക്ഷം രൂപയിൽ നിന്ന് 1.24 ലക്ഷമായാണ് ഉയർത്തിയിരിക്കുന്നത്. ദിവസബത്ത 2,000 രൂപയിൽ നിന്ന് 2,500 രൂപയാക്കിയും വർദ്ധിപ്പിച്ചു. മുൻ എംപിമാരുടെ പെൻഷനും വർദ്ധിപ്പിച്ചിട്ടുണ്ട്. 25,000 രൂപയിൽ നിന്ന് 31,000 രൂപയാക്കിയാണ് ഉയർത്തിയത്.
2018 ഏപ്രിലിൽ ആയിരുന്നു എംപിമാരുടെ വേതനം അവസാനമായി വർദ്ധിപ്പിച്ചത്. പണപ്പെരുപ്പവും പെരുകുന്ന ജീവിതച്ചെലവും പരിഗണിച്ചാണ് വേതനവർദ്ധന നിശ്ചയിക്കുക.
പാർലമെന്റംഗങ്ങൾക്ക് നിരവധി ആനുകൂല്യങ്ങൾ കേന്ദ്രം ഉറപ്പുനൽകുന്നു. എംപിയാകുന്ന അഞ്ച് വർഷ കാലയളവിൽ അവരുടെ ഫോൺ, ഇന്റർനെറ്റ് ഉപഭോഗത്തിന്റെ ചെലവ് സർക്കാർ വഹിക്കും. കൂടാതെ 34 ആഭ്യന്തര വിമാനയാത്രകൾ, ഫസ്റ്റ്ക്ലാസ് ട്രെയിൻ യാത്ര എന്നിവ സൗജന്യമായി ലഭിക്കുന്നതിന് പുറമേ, പ്രതിവർഷം 50,000 യൂണിറ്റ് വൈദ്യുതി, 40,000 കിലോലിറ്റർ ജലം എന്നിവയും ലഭിക്കും.