താൻ മരിച്ചുകഴിഞ്ഞാൽ ചെയ്യേണ്ട കാര്യങ്ങൾ വിൽപ്പത്രത്തിൽ എഴുതിവച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടി ഷീല. ഇനി നിറവേറ്റാൻ സ്വപ്നങ്ങളൊന്നും തനിക്ക് അവശേഷിക്കുന്നില്ലെന്നും 25 വയസിൽ തന്നെ വിൽപ്പത്രം തയാറാക്കി വച്ചിട്ടുണ്ടെന്നും ഷീല പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിന്റെ ഇതിഹാസ നായിക ഷീലാമ്മയുടെ 77-ാം പിറന്നാൾ. പിറന്നാൾദിനത്തോടനുബന്ധിച്ച് സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിൽപ്പത്രത്തിന്റെ കാര്യം ഷീല പങ്കുവച്ചത്.
“ഞാൻ മരിച്ചാൽ എന്ത് ചെയ്യണമെന്ന് എഴുതിവച്ചിട്ടുണ്ട്. 25-ാം വയസിൽ തന്നെ അതൊക്കെ എഴുതിവച്ചു. ഞാൻ ക്രിസ്ത്യാനിയാണ്. മരിച്ചുകഴിഞ്ഞാൽ ഞങ്ങളെ കുഴിച്ചിടും. എന്നെ കുഴിച്ചിടാൻ പാടില്ല. ദഹിപ്പിക്കണം. ആ ചാമ്പലെടുത്ത് ഭാരതപ്പുഴയിൽ ഒഴുക്കണം. അതൊക്കെ വിൽപ്പത്രത്തിൽ എഴുതിവച്ചിട്ടുണ്ടെന്നും” ഷീല പറഞ്ഞു.
ഒരു കാലത്ത് മലയാള സിനിമാമേഖല അടക്കിവാണിരുന്ന താരറാണികളിൽ ഒരാളായിരുന്നു ഷീല. 80 കളിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കാവുന്ന ഷീലാമ്മയുടെ അഭിമുഖങ്ങൾ സോഷ്യൽമീഡിയയിൽ ഇടയ്‌ക്കിടയ്‌ക്ക് എത്താറുണ്ട്. ഇന്നത്തെ മലയാള സിനിമയെ കുറിച്ച് ഷീല മനസുതുറന്ന് സംസാരിക്കുന്നത് പതിവാണ്. പഴയകാല സിനിമയെ കുറിച്ചും അനുഭവങ്ങളെ കുറിച്ചും ഷീല പലപ്പോഴും വാചാലയാകാറുണ്ട്. 80 വയസിലേക്ക് കടക്കുന്നതിന്റെ സന്തോഷത്തിലാണ് മലയാളികളുടെ താരറാണി ഷീല.















