“ഓഫീസർ ഓൺ ഡ്യൂട്ടി” എന്ന ചിത്രം പരാജയമെന്ന് പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. കുഞ്ചാക്കോ ബോബൻ നടത്തിയ പരാമർശത്തിന് മറുപടിയായാണ് പ്രസ്താവന. അസോസിയേഷൻ പുറത്തുവിട്ട കണക്കുകളുമായി ബന്ധപ്പെട്ട് നടൻ കുഞ്ചാക്കോ ബോബൻ പ്രതികരിച്ചിരുന്നു. ഫെബ്രുവരി മാസം റിലീസ് ചെയ്ത ചിത്രങ്ങളുടെ കണക്കിൽ അപാകതകളുണ്ടെന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ പ്രതികരണം.

എന്നാൽ നിർമ്മാതാവടക്കം ഒപ്പിട്ടുതന്ന ബജറ്റിലെ തുകയാണ് മുതൽമുടക്കായി പറയുന്നതെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസ്താവനയിലൂടെ വ്യക്തമാക്കി. പുറത്തുവിട്ട കണക്കിൽ കേരളത്തിലെ തിയേറ്റർ കളക്ഷൻ മാത്രമാണ് കാണിച്ചിട്ടുള്ളതെന്നും അസോസിയേഷൻ പറയുന്നു.
ഓഫീസർ ഓൺ ഡ്യൂട്ടി അടക്കം 5 ചിത്രങ്ങൾ തീയേറ്റിൽ ഓടിക്കൊണ്ടിരിക്കുകയാണെന്ന് പ്രത്യേകം പരാമർശിച്ചാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. തിയേറ്ററിൽ നിന്നും വിതരണക്കാരിൽ നിന്നും ലഭിക്കുന്ന വരുമാനകണക്ക് എടുത്താണ് ലിസ്റ്റ് പുറത്തുവിട്ടതെന്നും ഒടിടി, സാറ്റലൈറ്റ് കച്ചവടം നടക്കാത്ത സിനിമകളാണ് പുറത്തുവിട്ട ലിസ്റ്റിൽ കൂടുതലുള്ളതെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കൂട്ടിച്ചേർത്തു.















