ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽ നിന്ന് കെട്ടുകണക്കിന് പണം കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയെ അലഹബാദ് ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചു. സംഭവം വിവാദമായതോടെ സുപ്രീം കോടതി കൊളീജീയം നടത്തിയ രണ്ട് യോഗങ്ങളിലാണ് ജഡ്ജിയെ തിരിച്ചയയ്‌ക്കാൻ ശുപാർശ ചെയ്തത്. ജഡ്ജിയുടെ സ്ഥലംമാറ്റത്തിനെതിരെ അലഹബാദ് ഹൈക്കോടതി ബാർ അസോസിയേഷൻ പ്രതിഷേധിച്ച സാഹചര്യത്തിലാണ് ശുപാർശ.
അതേസമയം, ജഡ്ജിയുടെ വീട്ടിൽ തീയണക്കുന്നിതിനിടെ അഗ്നിരക്ഷാസേന പകർത്തിയ ചിത്രങ്ങളും വീഡിയോകളും സുപ്രീം കോടതി പുറത്തുവിട്ടു. നേരത്തെ നടന്ന യോഗത്തിൽ യശ്വന്ത് വർമയുടെ സ്ഥലംമാറ്റത്തിന് കൊളീജിയം അംഗീകാരം നൽകിയിരുന്നു. അലഹബാദ് ഹൈക്കോടതിയിലാണ് യശ്വന്ത് വർമ ആദ്യം സേവനമനുഷ്ഠിച്ചിരുന്നത്. പിന്നീട് 2021-ലാണ് ഡൽഹി ഹൈക്കോടതിയിൽ നിയമിക്കുകയായിരുന്നു.
മാർച്ച് 14-നാണ് ജസ്റ്റിസ് യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിക്ക് പുറത്തെ സ്റ്റോർ റൂമിൽ നിന്നും കെട്ടുക്കണക്കിന് നോട്ടുകെട്ടുകൾ കണ്ടെത്തിയത്. വീട്ടിൽ തീപിടിത്തുമുണ്ടായതിനെ തുടർന്ന് തീയണയ്‌ക്കാനെത്തിയ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരാണ് വൻതോതിൽ നോട്ടുകെട്ടുകൾ കത്തിക്കിടക്കുന്നതായി കണ്ടത്. കഴിഞ്ഞയാഴ്ചയിൽ ഹോളി ആഘോഷത്തിനിടെയായിരുന്നു സംഭവം.
സംഭവം പുറത്തുവന്നതിന് പിന്നാലെ കത്തിയ നോട്ടുകെട്ടുകൾ സ്ഥലത്ത് നിന്ന് മാറ്റിയത് ദുരൂഹത വർദ്ധിപ്പിക്കുകയാണ്. വിഷയത്തിൽ സമഗ്ര അന്വേഷണം നടത്താൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ആഴത്തിലുള്ള അന്വേഷണം ആവശ്യമാണെന്ന് ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡികെ ഉപാധ്യായ നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് തീരുമാനം.















