മുംബൈ ഇന്ത്യൻസ് കുപ്പായത്തിൽ ഇന്നലെ ചെന്നൈക്കെതിരെ അരങ്ങേറിയ മലയാളി താരം വിഘ്നേഷ് പുത്തൂർ നെറ്റ്സിലും അത്ഭുത പ്രകടനം കാട്ടിയെന്ന് ബൗളിംഗ് പരിശീലകൻ പരസ് മാംബ്രേ. ചെന്നൈക്കെതിരെയുള്ള പ്രകടനത്തിലെ പ്രകടനം പരിഗണിച്ച് മുംബൈ ഇന്ത്യൻസ് താരത്തെ മികച്ച പ്രകടനത്തിനുള്ള ബാഡ്ജ് നൽകി ആദരിച്ചിരുന്നു. ഇതിനിടെയാണ് വിഘ്നേഷിന്റെ നെറ്റ്സിലെ പ്രകടനം എങ്ങനെയാണ് താരങ്ങളിൽ മതിപ്പുണ്ടാക്കിയതെന്ന് പറയുകയാണ് പരിശീലകൻ മാംബ്രേ
നെറ്റ്സിൽ രോഹിത്, സൂര്യ, തിലക് എന്നിവരെല്ലാം അവനെതിരെ(വിഘ്നേഷ്) ബാറ്റ് ചെയ്തു. എന്നാൽ അവനെ പിടികിട്ടാൻ എളുപ്പമായിരുന്നില്ല. ആദ്യ മത്സരത്തിൽ അവനെ കളിപ്പിക്കാനുള്ള ആത്മവിശ്വാസം ഞങ്ങൾക്കുണ്ടായിരുന്നു. അതൊരു മികച്ച തീരുമാനമായി മാറുന്നതും കണ്ടു— മാംബ്രേ പറഞ്ഞു.മറ്റെന്തിനേക്കാളും കഴിവുണ്ടോ എന്നാണ് ഞങ്ങൾ നോക്കുന്നത്. അവനെ ട്രയൽസിൽ കണ്ടപ്പോൾ അവന് കഴിവുണ്ടെന്ന് ബോദ്ധ്യമായി.
മുൻപ് അവൻ എത്ര മത്സരങ്ങൾ കളിച്ചു എന്നതല്ല പരിഗണിച്ചത്. അവന് കഴിവുണ്ടോ ഇല്ലയോ എന്നതാണ് വിലയിരുത്തിയത്. അതാണ് നിങ്ങൾ ഇന്ന് കണ്ടത്. ഒരിക്കലും എളുപ്പമായിരുന്നില്ല. ആദ്യ മത്സരം, അതും ചെന്നൈക്ക് എതിരെ. വലിയൊരു മത്സരത്തിൽ അവൻ നന്നായി അവസരം വിനിയോഗിച്ചു.. ബൗളിംഗ് പരിശീലകൻ പറഞ്ഞു.ചെന്നൈക്കെതിരെയുള്ള മത്സരത്തിൽ നാലോവർ പന്തെറിഞ്ഞ താരം 32 റൺസ് വഴങ്ങിയാണ് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയത്. സിഎസ്കെ നായകൻ ഋതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ, ദീപക് ഹൂഡ എന്നിവരുടെ വിക്കറ്റുകളാണ് താരം വീഴ്‌ത്തിയത്.