മിച്ചൽ മാർഷ്-നിക്കോളസ് പൂരൻ വെടിക്കെട്ടിൽ കുതിച്ച ലക്നൗ സൂപ്പർ ജയന്റ്സിനെ പിടിച്ചുകെട്ടി കുൽദീപ് യാദവും മിച്ചൽ സ്റ്റാർക്കും.നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 209 റൺസാണ് നേടിയത്. ടോസ് നേടിയ ഡൽഹി ലക്നൗവിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. 13 പന്തിൽ 15 റൺസെടുത്ത ഓപ്പണർ എയ്ഡൻ മാർക്രത്തെ പുറത്താക്കിയത് മാത്രമായിരുന്നു ആദ്യ 11 ഓവറുവരെ ഡൽഹിക്ക് ആശ്വസിക്കാനുള്ള വക. മാർക്രം പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ പൂരനും മാർഷും ചേർന്ന് ഡൽഹി ബൗളർമാരെ നക്ഷത്രമെണ്ണിച്ചു. ഇതിനിടെ പൂരന്റെ ക്യാച്ച് കൈവിട്ട് ഡൽഹി ഇടത്തീ ഡബിളാക്കി. 21 പന്തിൽ മിച്ചൽ മാർഷ് അർദ്ധസെഞ്ച്വറി പൂർത്തിയാക്കിയപ്പോൾ പൂരൻ 24 പന്തിലാണ് നേട്ടം പിന്നിട്ടത്.
ട്രിസ്റ്റൺ സ്റ്റബ്സിന്റെ ഓരോവറിൽ നാല് പടുകൂറ്റൻ സിക്സും ഒരു ഫോറും സഹിതം 28 റൺസാണ് പൂരൻ അടിച്ചെടുത്തത്. 30 പന്തിൽ ഏഴ് സിക്സും 6 ബൗണ്ടറിയും സഹിതം 75 റൺസെടുത്ത താരത്തെ സ്റ്റാർക്ക് ബൗൾഡാക്കുകയായിരുന്നു. 12-ാം ഓവറിൽ സ്കോർ 133 ൽ നിൽക്കെ മാർഷാണ് ആദ്യം വീണത്. മുകേഷ് കുമാറിനായിരുന്നു വിക്കറ്റ്. 36 പന്തിൽ വലം കൈയൻ നേടിയത് 72 റൺസ്. പറത്തിയത് ആറുവീതം സിക്സും ഫോറും.
പന്ത് താളം കണ്ടെത്താൻ നന്നെ പാടുപെട്ടു. 6 പന്ത് നേരിട്ടങ്കെലും ഡക്കായി. ആയുഷ് ബദോനിയും നാലു റൺസിൽ പുറത്തായി. രണ്ടുപേരെയും കുൽദീപാണ് മടക്കിയത്. താക്കൂർ(0) റണ്ണൗട്ടായതും ലക്നൗവിന് തിരിച്ചടിയായി. നാലോവറിൽ 20 റൺസ് മാത്രം വഴങ്ങിയാണ് കുൽദീപ് രണ്ടുപേരെ കുടാരം കയറ്റിയത്. സ്റ്റാർക്കിന് മൂന്നു വിക്കറ്റ് കിട്ടി. വിപ്രാജ് നിഗവും മുകേഷും ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി. 19 പന്തിൽ 27 റൺസടിച്ച മില്ലറാണ് ലക്നൗവിനെ 200 കടത്തിയത്.