തിരുവനന്തപുരം: വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥയെ ചാക്ക റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ ദുരൂഹത. അപകടത്തിന് തൊട്ടുമുമ്പ് പെൺകുട്ടി ആരോടോ ഫോണിൽ സംസാരിച്ചിരുന്നുവെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം രാവിലെയാണ് പത്തനംതിട്ട സ്വദേശിയായ മേഘയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ജനത എക്സ്പ്രസാണ് മേഘയെ ഇടിച്ചത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വിമാനത്താവളത്തിൽ നിന്നും ഇറങ്ങിയതായിരുന്നു യുവതി. ട്രാക്കിലൂടെ ഫോണിൽ സംസാരിച്ച് നടന്ന യുവതി ട്രെയിൻ അടുത്തെത്തിയപ്പോൾ ട്രാക്കിന് കുറുകെ കിടക്കുകയായിരുന്നുവെന്ന് ലോക്കോ പൈലറ്റ് പറഞ്ഞു.
യുവതി ആരാേടാണ് സംസാരിച്ചതെന്ന് കണ്ടെത്താനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. സൈബർ പൊലീസിന്റെ സഹായത്തോടെ സംഭവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ കണ്ടെത്തും. ട്രെയിൻ തട്ടിയതിനെ തുടർന്ന് മൊബൈൽ ഫോൺ പൂർണമായും തകർന്നിട്ടുണ്ട്. മൃതദേഹത്തിന് സമീപത്ത് നിന്ന് മേഘയുടെ ഐഡി കാർഡ് ലഭിച്ചതോടെയാണ് തിരിച്ചറിഞ്ഞത്.
പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. പത്തനംതിട്ട അതിരുങ്കൽ റിട്ട. ഗവ. ഐടിഐ പ്രിൻസിപ്പൽ മധുസൂദനന്റെയും പാലക്കോട് കളക്ടറേറ്റ് ജീവനക്കാരി നിഷയുടെയും ഏക മകളാണ് മേഘ.















