കോഴിക്കോട്: കഞ്ചാവ് ഹോൾസെയിൽ ഡീലർമാരായ രണ്ട് ഒഡിഷ സ്വദേശികളെ കോഴിക്കോട് നിന്നും പിടികൂടി.ഒഡീഷ സ്വദേശികളായ ബസുദേവ് മഹാപത്ര,രഞ്ചൻ മാലിക് എന്നിവരാണ് പിടിയിലായത്.
കോഴിക്കോട് അസി എക്‌സൈസ് കമ്മീഷണറുടെ സ്ക്വാഡും ഫറോക്ക് എക്സൈസ് ഇൻസ്പെക്ടർ ഗിരീഷ് കുമാർ.ജി യും പാർട്ടിയും ചേർന്ന് നടത്തിയ പരിശാധനയിലാണ് ഇവരെ പിടിച്ചത്. കോഴിക്കോട് എക്സൈസ് ഇൻ്റലിജൻ്റ്സ് ബ്യൂറോയുടെ രഹസ്യവിവരത്തെ തുടർനന്നായിരുന്നു റെയ്ഡ്. കോഴിക്കോട് രാമനാട്ടുകര- കൊണ്ടോട്ടി എയർപോർട്ട് റോഡിൽ രാമനാട്ടുകര ഐവ റസ്റ്റ് എന്ന ലോഡ്ജ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിലെ 208-ാം നമ്പർ റൂമിൽ നിന്നാണ് ഇവരെ പിടികൂടിയത്.
വില്പനയ്‌ക്കായി സൂക്ഷിച്ച 6.890 കിലോഗ്രാം കഞ്ചാവും പിടികൂടിയിട്ടുണ്ട്. കഞ്ചാവ് ട്രൈയിൻ മാർഗം കടത്തി കൊണ്ടുവന്ന് കോഴിക്കോട് ടൗണിന്റെ വിവിധ ഭാഗങ്ങളിൽ റൂമെടുത്ത് വില്പന നടത്തുന്നതാണ് ഇവരുടെ രീതി എന്ന് പൊലീസ് വെളിപ്പെടുത്തി. നിരവധി മലയാളികൾ ഇവരുടെ കെണിയിൽ അകപ്പെട്ടിട്ടുണ്ട്. ഈ വിഷയം വിശദമായി അന്വേഷിക്കുമെന്ന് അസി. എക്സൈസ് കമ്മീഷണർ RN ബൈജു പറഞ്ഞു.















