വാളയാര്‍: പാലക്കാട് വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി അമ്മയും മകനുമുള്‍പ്പെടെ 4 പേര്‍ അറസ്റ്റില്‍. ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന 12 ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്. കാറില്‍ എംഡിഎംഎ കടത്തുന്നതിനിടയില്‍ ഇന്നലെ രാത്രി 7 ഓടെ വാളയാര്‍ എക്‌സൈസ് ചെക്‌പോസ്റ്റില്‍ വാഹന പരിശോധനയ്‌ക്കിടെയാണ് ഇവര്‍ പിടിയിലായത്.
തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി അശ്വതി (36), മകന്‍ ഷോണ്‍സണ്ണി (21), അശ്വതിയുടെ സുഹൃത്തുക്കളായ കോഴിക്കോട് എലത്തൂര്‍ മുഖവൂര്‍ സ്വദേശി മൃദുല്‍ (29), അശ്വിന്‍ലാല്‍ (26) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളുടെ കാറില്‍ നിന്ന് മയക്കുമരുന്ന് ഗുളികളും സിറിഞ്ചുള്‍പ്പെടെയുള്ള സാധനങ്ങള്‍ കണ്ടെടുത്തതായി സൂചനയുണ്ട്.അമ്മയും മകനും മയക്കുമരുന്ന് ഉപയോഗിക്കുന്നവരും കടത്തുന്നവരും എന്ന് എക്സൈസ് സംഘംപറയുന്നു.
മൃദുലും അശ്വിന്‍ലാലും ഐടി പ്രഫഷനലുകളാണ്. അശ്വതി ഉള്‍പ്പെട്ട സംഘം വര്‍ഷങ്ങളായി ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവരാണെന്നാണ് എക്‌സൈസ് നല്‍കുന്ന വിവരം. ലഹരി വസ്തുക്കള്‍ ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടെത്തിച്ച് കോളജ് വിദ്യാര്‍ഥികള്‍ക്ക് ഇവര്‍ വില്‍പന നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ദേശീയപാതയില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ വാഹന പരിശോധന നടത്തുന്നത് കണ്ട ഉടന്‍ കാര്‍ അമിത വേഗത്തില്‍ പാഞ്ഞുപോവുകയായിരുന്നു.ഇവരെ പിന്തുടര്‍ന്ന ഉദ്യോഗസ്ഥര്‍ ചന്ദ്രാപുരത്തുവച്ച് പിടികൂടുകയായിരുന്നു.