ന്യൂഡൽഹി: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ കേരളത്തിന് ആവശ്യമായ എല്ലാ സഹായവും കേന്ദ്രസർക്കാർ നൽകിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പാർലമെന്റിൽ പറഞ്ഞു. ദേശീയ ദുരന്ത പ്രതികരണ നിധിയിൽ നിന്ന് 215 കോടി രൂപ കേരളത്തിന് അനുവദിച്ചതായി അദ്ദേഹം രാജ്യസഭയെ അറിയിച്ചു. മന്ത്രിതല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 153 കോടി രൂപ കൂടി അനുവദിച്ചിരുന്നു.
“ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ കേന്ദ്രം രാഷ്‌ട്രീയം കളിക്കാറില്ല. കേരളത്തിലെയും ലഡാക്കിലെയും ജനങ്ങളെല്ലാം ഇന്ത്യക്കാരാണ്,” അമിത് ഷാ പറഞ്ഞു. അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനായി 36 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും കേരളം ഇതുവരെ ഫണ്ട് വിനിയോഗിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വയനാട് മണ്ണിടിച്ചിലിനെ കേന്ദ്രം ഗുരുതരമായ പ്രകൃതിദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദേശീയ ദുരന്ത നിവാരണ ബില്ലിനെക്കുറിച്ചുള്ള ചർച്ചയ്‌ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കേരള സർക്കാർ 2219 കോടി രൂപയുടെ പുനരധിവാസ പാക്കേജ് ആവശ്യപ്പെട്ടിരുന്നു. ഇതിൽ 530 രൂപ നൽകിയതായും അമിത് ഷാ പറഞ്ഞു. മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസരിച്ച് കൂടുതൽ സഹായം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2024 ഡിസംബറിൽ ലോക്‌സഭയിൽ പാസാക്കിയ ദുരന്തനിവാരണ (ഭേദഗതി) ബിൽ ചൊവ്വാഴ്ച രാജ്യസഭയിൽ ശബ്ദവോട്ടോടെ പാസായി. പ്രതിപക്ഷം കൊണ്ടുവന്ന നിരവധി ഭേദഗതികൾ രാജ്യസഭ തള്ളിക്കളഞ്ഞു.















