റാഞ്ചി: മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് അഴിമതിയിൽ ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപേഷ് ബാഗേലിന്റെ വസതി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ റെയ്ഡ് നടത്തി സിബിഐ. 6,000 കോടി രൂപയുടെ വാതുവെപ്പ് അഴിമതിക്ക് പിന്നിൽ വാൻ ഗൂഢാലോചന നടന്നതായാണ് ഏജൻസിയുടെ കണ്ടെത്തൽ. ഛത്തീസ്ഗഢ് സർക്കാരിന്റെ അഭ്യർത്ഥന പ്രകാരം സിബിഐ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
ഛത്തീസ്ഗഡിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്നും സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിൽ നിന്നും (EOW) ലഭിച്ച 77 എഫ്‌ഐആറുകൾ ഏകീകരിച്ചാണ് അന്വേഷണം. 2024 മാർച്ച് 4 ന് ഛത്തീസ്ഗഢ് പൊലീസ് ഫയൽ ചെയ്ത എഫ്‌ഐആറിൽ വിദേശത്തേക്ക് കടന്ന മഹാദേവ് ആപ്പ് സ്ഥാപകരായ സൗരഭ് ചന്ദ്രകാർ, രവി ഉപ്പൽ എന്നിവർക്കൊപ്പം ഭൂപേഷ് ബാഗേലും പ്രതിയാണ്.
കേസിൽ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്ന ഇ.ഡി. മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് ചന്ദ്രകറും ഉപ്പലും 508 കോടി രൂപ കൈക്കൂലി നൽകിയതായി പറയുന്നു. ബാഗേലിനെ പ്രതിയാക്കി ഛത്തീസ്ഗഢ് പൊലീസ് എഫ്‌ഐആർ ഫയൽ ചെയ്തത് ഇ.ഡി.യുടെ പരാമർശത്തിന്റെ അടിസ്ഥാനത്തിലാണ്. കേസിൽ ഇതുവരെ ഇ.ഡി. രണ്ട് കുറ്റപത്രങ്ങൾ സമർപ്പിച്ചിട്ടുണ്ട്. ഇതിൽ ചന്ദ്രാകറിനും ഉപ്പലിനും എതിരായ കുറ്റപത്രവും ഉൾപ്പെടുന്നു. ഏകദേശം 6,000 കോടി രൂപയുടെ അഴിമതിയാണ് നടന്നത്, ഇതിൽ 2,426 കോടി രൂപയുടെ സ്വത്തുക്കൾ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (PMLA) കണ്ടുകെട്ടുകയോ മരവിപ്പിക്കുകയോ ചെയ്തിട്ടുണ്ട്.















