മുംബൈ: വിമാനത്താവളത്തിലെ ശുചിമുറിയിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. ശുചിമുറിയിലെ ചവറ്റുകുട്ടയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി 10-30നാണ് മൃതദേഹം കാണുന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിമാനത്താവളത്തിൽ എത്തിയ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് എയർപോർട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. അധികൃതർ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തി പ്രാഥമിക അന്വേഷണം നടത്തിയിട്ടുണ്ട്. കുഞ്ഞ് മണിക്കൂറുകൾക്ക് മുമ്പ് മരിച്ചിരുന്നുവെന്നാണ് വിവരം.
കുഞ്ഞിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി വിശദമായി പരിശോധിച്ചുവരികയാണ്. വിമാനത്താവളത്തിലെയും ശുചിമുറിയുടെ എൻട്രൻസിലെയും സിസിടിവി കാമറകൾ പരിശോധിച്ചിട്ടുണ്ട്.















