തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ പാമ്പിനെ കൊണ്ടുവന്ന സംഭവത്തിൽ ഡ്രൈവർക്കും കണ്ടക്ടർക്കും സസ്പെൻഷൻ. കണ്ടക്ടർ സി പി ബാബു, ഡ്രൈവർ ജീവൻ ജോൺസൺ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസിലാണ് പാമ്പിനെ കൊണ്ടുവന്നത്.
കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് വിവരം പുറത്തറിഞ്ഞത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. കഴിഞ്ഞ 21-നാണ് സംഭവം. ബെംഗളൂരുവിൽ നിന്നും ഒരു സംഘം പാമ്പിനെ ഡ്രൈവറുടെയും കണ്ടക്ടറുടെയും കൈവശം കൊടുത്തുവിടുകയായിരുന്നു. ഇതിന് ജീവനക്കാർ പണം വാങ്ങിയിരുന്നു. ഇത് തെളിഞ്ഞതിന് പിന്നാലെയാണ് നടപടി.
രഹസ്യവിവരത്തെ തുടർന്ന് വിജിലൻസ് സംഘം ബസിനെ പിന്തുടർന്നിരുന്നു. ബസ് ജീവനക്കാർ പാമ്പിനെ ഉടമസ്ഥന് കൈമാറുന്ന സമയത്താണ് പിടിവീഴുന്നത്. എന്നാൽ മദ്യം കടത്തുന്നുവെന്ന വിവരമാണ് ഇന്റലിജൻസിന് ലഭിച്ചത്. പൊലീസിന്റെ സാന്നിധ്യത്തിൽ പാഴ്സൽ പൊട്ടിച്ചുനോക്കിയപ്പോഴാണ് പാമ്പിനെ കാണുന്നത്.
വിഷമില്ലാത്ത പാമ്പെന്ന് പറഞ്ഞാണ് ഇത് കൈമാറിയതെന്ന് ജീവനക്കാർ പറഞ്ഞു. ബസിൽ പാമ്പിനെ കൊണ്ടുവരുന്നത് നിയമവിരുദ്ധമാണ്.















