പുതുച്ചേരി: ആശാ വർക്കേഴ്സിന്റെ ഓണറേറിയം വർദ്ധിപ്പിച്ച പുതുച്ചേരി സർക്കാരിന് ആശമാരുടെ ആദരം. മുഖ്യമന്ത്രി എൻ. രംഗസാമിയെ പുഷ്പവൃഷ്ടിയോടെയാണ് ആശാ പ്രവർത്തകർ സ്വീകരിച്ചത്. മുഖ്യമന്ത്രി സഞ്ചരിച്ച കാറിൽ പുഷ്പങ്ങൾ വിതറി ആനയിച്ച ആശമാർ തങ്ങളുടെ കൃതജ്ഞത രേഖപ്പെടുത്തുകയായിരുന്നു.
കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിൽ ബജറ്റ് അവതരിപ്പിച്ച വേളയിലായിരുന്നു ആശാ വർക്കേഴ്സിന്റെ ഓണറേറിയം വർദ്ധിപ്പിക്കുമെന്ന പ്രഖ്യാപനം മുഖ്യമന്ത്രി എൻ. രംഗസാമി നടത്തിയത്. ബജറ്റിലുള്ള എല്ലാ പ്രഖ്യാപനങ്ങളും നടപ്പിലാക്കാൻ പ്രതിജ്ഞാബദ്ധരാണ് സർക്കാരെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ആവർത്തിച്ചു. 10,000 രൂപയിൽ നിന്ന് 18,000 രൂപയായാണ് ആശാ വർക്കേഴ്സിന്റെ ഓണറേറിയം ഉയർത്തുന്നത്. ദേശീയഗ്രാമീണ ആരോഗ്യ മിഷന് വേണ്ടി പ്രവർത്തിക്കുന്ന സ്റ്റാഫ് നഴ്സുമാർക്ക് 25,000 രൂപ മാസശമ്പളം നൽകുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു.
അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റുകളാണ് ആശാ വർക്കർമാർ. കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യേണ്ടി വരുന്നതിനാൽ ഓണറേറിയം വർദ്ധിപ്പിക്കണമെന്ന് അതത് സംസ്ഥാനങ്ങളിലെ സർക്കാരുകളോട് ആശമാർ ആവശ്യപ്പെട്ടിരുന്നു. ആന്ധ്ര അടക്കം പല സംസ്ഥാനങ്ങളിലും ആശമാരുടെ ആവശ്യം സർക്കാർ അംഗീകരിക്കുകയും ചെയ്തു. ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പുതുച്ചേരി.
ധനകാര്യവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി എൻ. രംഗസാമി തന്നെയാണ് ആശാ പ്രവർത്തകർ ഉൾപ്പടെ വിവിധ വിഭാഗങ്ങളിലെ ജീവനക്കാരുടെ ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചത്. പ്രതിമാസം 10,000 രൂപയിൽ താഴെ ശമ്പളം വാങ്ങുന്ന ഒരു ജീവനക്കാരും പുതുച്ചേരിയിൽ ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. നിലവിൽ 10,000 രൂപ ശമ്പളം (7000-ഓണറേറിയം, 3000-കേന്ദ്രം) വാങ്ങുന്ന ആശാവർക്കേഴ്സിന് വേതനം 18,000 രൂപയാക്കി വർദ്ധിപ്പിക്കുകയും ചെയ്തു.
പ്രഖ്യാപനത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയ ആശമാർ നന്ദി രേഖപ്പെടുത്തി. കേരളത്തിൽ ആശമാരുടെ സമരം 45 ദിവസം പിന്നിട്ടിട്ടും മുഖ്യമന്ത്രി പണിറായി വിജയൻ ചർച്ചയ്‌ക്ക് പോലും തയ്യാറാകാതിരിക്കുന്ന വേളയിലാണ് പുതുച്ചേരിയിൽ നിന്ന് ശുഭവാർത്ത എത്തുന്നത്.















